പുനലൂർ: യന്ത്രത്തകരാറിനെത്തുടർന്ന് ഒന്നേകാൽ വർഷമായി അടഞ്ഞുകിടന്ന പുനലൂർ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനം പുനരാരംഭിച്ച ആദ്യദിനം വൻ സുരക്ഷാവീഴ്ച.
നവീകരണത്തിന് ശേഷമുള്ള ആദ്യ സംസ്കാരത്തിനായി മൃതദേഹം എത്തിച്ചപ്പോൾ ശ്മശാനം തുറക്കാൻ ജീവനക്കാരൻ ഇല്ലാതിരുന്നതിനെ തുടർന്ന് പൂട്ടുപൊളിച്ചാണ് അധികൃതർ അകത്തുകയറിയത്. തുടർന്ന് നടന്ന സംസ്കാര ചടങ്ങിനിടെ ചേംബറിൽ നിന്ന് തീ പുറത്തേക്ക് ആളിപ്പടർന്നത് നഗരസഭാധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് നേരിയ ഭീഷണിയുയർത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. അനാഥാലയത്തിൽ മരിച്ച ജോണി (69) എന്നയാളുടെ മൃതദേഹമാണ് സംസ്കരിക്കാൻ കൊണ്ടുവന്നത്. നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാലും മറ്റ് സ്ഥിരംസമിതി അധ്യക്ഷന്മാരും സ്ഥലത്തെത്തിയിരുന്നു.
എന്നാൽ 11 മണിക്ക് മൃതദേഹം എത്തിച്ചിട്ടും താക്കോൽ കൈവശമുള്ള ജീവനക്കാരൻ സ്ഥലത്തെത്തിയില്ല. ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷം ഒടുവിൽ പൂട്ടുപൊളിച്ച് മൃതദേഹം അകത്തേക്ക് കയറ്റുകയായിരുന്നു.
മൃതദേഹം ചേംബറിലേക്ക് മാറ്റിയ ശേഷം വാതിൽ കൃത്യമായി അടയ്ക്കാതെ ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തിയതാണ് അപകടത്തിന് കാരണമായത്. പെട്ടെന്ന് തീ പുറത്തേക്ക് ആളിപ്പടർന്നതോടെ ചേംബറിന് സമീപം നിന്നിരുന്ന നഗരസഭാധ്യക്ഷനും മറ്റുള്ളവരും ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്യൂട്ടിക്ക് കൃത്യസമയത്ത് എത്താതിരുന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചതായി നഗരസഭാധ്യക്ഷൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
