കാസർകോട്: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ആരോപിച്ച് കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.
കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം, പ്രത്യേകിച്ച് അന്തർസംസ്ഥാന റൂട്ടുകളിലടക്കം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇതേ തുടർന്ന് ജില്ലയിലെ ചില സ്വകാര്യ ബസുകൾ നേരത്തെ തന്നെ സർവീസ് അവസാനിപ്പിച്ചിരുന്നു.
കാസർകോട്ടുനിന്നുള്ള കർണാടകയിലേക്കുള്ള ഏഴ് പ്രധാന ബസ് റൂട്ടുകളിലും ഇപ്പോൾ യാത്രക്കാർ കൂടുതലായി കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ഈ റൂട്ടുകളിൽ സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകൾ ഉപയോഗിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസ് ഉടമകൾ പറയുന്നു.
സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ഒരു ദിവസം സർക്കാർ നൽകുന്ന 115 രൂപ മാത്രമാണ് ലഭിക്കുന്നത്, ഇത് യാതൊരു വിധത്തിലും നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാരുടെ കുറവ് കാരണം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു.
കാസർകോട് ജില്ലയിൽ മൂന്ന് റൂട്ടുകളിൽ മാത്രമാണ് കെഎസ്ആർടിസി സർവീസ് ഇല്ലാത്തത്. അവയും 15 മുതൽ 18 രൂപ വരെ മാത്രം നിരക്കുള്ള ചെറിയ ദൂര റൂട്ടുകളായതിനാൽ വരുമാനം വളരെ കുറവാണെന്നും ഉടമകൾ വ്യക്തമാക്കുന്നു.
അതേസമയം പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് ബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന റൂട്ടുകളിലെ വരുമാനക്കുറവ് കാരണം നിരവധി ജീവനക്കാർ മറ്റ് തൊഴിലുകൾ തേടിത്തുടങ്ങിയെന്നാണ് അവരുടെ ആരോപണം.
തൃശൂർ ജില്ലയിലും സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ കഴിഞ്ഞ ജൂൺ അവസാനം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
