കൊച്ചി: യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരായ ഗുരുതര പരാതികളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കളമശ്ശേരി പൊലീസും അറിയിച്ചു. പരാതിയിൽ പരാമർശിക്കുന്ന കാലയളവിൽ തൊപ്പിയും സംഘവും കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു താമസിച്ചിരുന്നതെന്ന വിവരത്തെ തുടർന്നാണ് നടപടി.
സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ നിർദേശപ്രകാരം കൊച്ചി സൈബർ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം റിപ്പോർട്ട് സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികളിൽ തീരുമാനമെടുക്കുക.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ നിയമലംഘനം, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല വഹിക്കുന്നത്.
ഇതിനിടെ, നിഹാദും മുൻ സഹപ്രവർത്തകരായ മുഹമ്മദ് (മമ്മു), ഷമീർ എന്നിവരും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. തൊപ്പിക്കെതിരെ എംഡിഎംഎ ഉപയോഗം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചൂഷണം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇരുവരും ഉന്നയിച്ചത്. കഞ്ചാവ് പാക്കറ്റെന്ന് അവകാശപ്പെടുന്ന വസ്തു മുറിയിൽ നിന്ന് പുറത്തെടുക്കുന്ന ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിരുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തൊപ്പി പ്രതികരിച്ചു. റീച്ച് നേടുന്നതിനായി മുൻ സുഹൃത്തുക്കൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ കേസുകളും മാനനഷ്ടക്കേസുകളും തന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൊപ്പി അവകാശപ്പെട്ടു.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂവെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
