തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തോടനുബന്ധിച്ചുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഒന്‍പത് ജില്ലകളില്‍ അധിക സീറ്റുകളും താല്ക്കാലിക ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. തീവ്രമായ സീറ്റ് ക്ഷാമം നേരിടുന്ന 7 ജില്ലകളില്‍ 30 ശതമാനവും, 2 ജില്ലകളില്‍ 20 ശതമാനവും വീതമാണ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10% കൂടി അധികം അനുവദിക്കും.
കൊല്ലം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 20 ശതമാനം വീതം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. കൂടാതെ കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ അനുവദിച്ചിരുന്ന 313 താത്കാലിക അഡീഷണല്‍ ബാച്ചുകള്‍ ഈ വര്‍ഷവും തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഏകജാലകം വഴിയുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന് വരെയാണ്. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ എട്ടും പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കുന്നത് ജൂലൈ രണ്ടിനുമാണ്.
ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയ 4,10,456 വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് അലോട്ട്മെന്റ് പ്രക്രിയയുടെ തുടക്കത്തില്‍ തന്നെയുള്ള സര്‍ക്കാരിന്റെ ഈ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
