തിരുവനന്തപുരം: രാജ്യവ്യാപകമായി പരിവാഹൻ വ്യാജ ആപ്ലിക്കേഷൻ വഴി ഓൺലൈൻ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബർ പോലീസ് വാരണാസിയിൽ നിന്നും അറസ്റ്റ് ചെയ്തു. വാഹനത്തിന് ഫൈൻ അടയ്ക്കാൻ എന്ന പേരിൽ വ്യാജ എ.പി.കെ ഫയലുകൾ വാട്സ് ആപ്പ് വഴി അയച്ച് നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഉത്തർപ്രദേശ് സ്വദേശികളായ അതുൽ കുമാർ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബർ പോലീസ് വാരണാസിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങൾ പ്രതികൾ ശേഖരിച്ചത്. മനീഷ് യാദവിൻറെ ബന്ധുവായ 16 വയസ്സുകാരനാണ് വ്യാജ ആപ്ലിക്കേഷൻ തയ്യാറാക്കിയതിൻറെ ബുദ്ധി കേന്ദ്രം.
വ്യാജ പരിവാഹൻ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എൻ.സി.ആർ.പി പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയിന്മേൽ കൊച്ചി സൈബർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്. ഐ .ആർ പ്രകാരം ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഷമീർഖാൻ, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, അജിത്ത് രാജ്, നിഖിൽ ജോർജ,് ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നീ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളം, ഗുജറാത്ത്, കർണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 2700ൽപരം വാഹനങ്ങളുടെ വിവരങ്ങൾ പ്രതിയുടെ ഫോണിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in/ എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്