പത്തനംതിട്ട: വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ചില തീരുമാനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് 'യൂ-ടേൺ സർക്കാർ' ആണോയെന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഊരാളുങ്കൽ വിഷയത്തിൽ അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് നൽകിയ നടപടി തെറ്റാണെന്ന് കുര്യൻ വിമർശിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ അഴിമതി ആരോപണം ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി. പരീക്ഷാ ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും, അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സർക്കാർ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി.
ബന്ധു നിയമന വിഷയത്തിലും കുര്യൻ അതൃപ്തി രേഖപ്പെടുത്തി. സ്റ്റാഫ് നിയമനങ്ങൾ ഉൾപ്പെടെ എല്ലാ നിയമനങ്ങളിലും പാർട്ടി തലത്തിൽ പരിശോധനയും പാർട്ടി-സർക്കാർ ഏകോപനത്തിനായി പ്രത്യേക സമിതിയും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന വിഷയത്തിൽ ആദ്യം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും, പ്രധാന നയപരമായ എല്ലാ തീരുമാനങ്ങളും പാർട്ടിയിലും യുഡിഎഫിലും ചർച്ച ചെയ്ത ശേഷമേ സ്വീകരിക്കാവൂ എന്നും കുര്യൻ പറഞ്ഞു. കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഈ സർക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അധികാരത്തിലെത്തിച്ചത്. വാക്ക് പാലിക്കുന്ന സർക്കാരായിരിക്കും എന്ന വിശ്വാസമാണ് ജനങ്ങൾക്കുള്ളത്. എന്നാൽ ചില കാര്യങ്ങളിൽ യൂ-ടേൺ ആണോയെന്ന് ജനങ്ങൾ സംശയിച്ചാൽ അതിൽ തെറ്റില്ല. ബന്ധു നിയമനങ്ങൾ പോലുള്ള വിഷയങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കും. സിപിഎമ്മിന്റെ പണത്തിന്റെ കേന്ദ്രം ഊരാളുങ്കലാണെന്ന് പറഞ്ഞ സാഹചര്യത്തിൽ അന്വേഷണം പോലും നടത്താതെ നിയമസഭയിൽ ക്ലീൻചിറ്റ് നൽകിയത് ശരിയായില്ല," എന്ന് പി.ജെ. കുര്യൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
