കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
“ജസ്റ്റിസ് ഫോർ നിതിൻ രാജ്” ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ല, ജാതീയ അധിക്ഷേപവും ക്യാമ്പസ് പീഡനവും മൂലമാണ് സംഭവിച്ചതെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം.
അധ്യാപകനായ ഡോ. എം. കെ. റാം ഉൾപ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം, രോഹിത് വെമുല നിയമം നടപ്പാക്കണം, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണം, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണം, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഹർത്താൽ ബന്ദായി മാറാനും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയാനും സാധ്യതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാരികൾ കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്എം) ഉൾപ്പെടെ നിരവധി സംഘടനകൾ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം. കെ. റാമിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ആത്മഹത്യാ പ്രേരണയ്‌ക്കൊപ്പം പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗുരുതര വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
