തിരുവനന്തപുരം:കോണ്‍ഗ്രസിനെയും നേതാക്കളെയും അവഹേളിക്കുക ഉദ്ദേശ്യത്തോടെ ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു ദീപദാസ് മുന്‍ഷി.
മോദി ഭരണത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദേശനയത്തില്‍ പരാജയം സാമൂഹിക അരക്ഷിതാവസ്ഥ എന്നിവയാണ് മോദി സര്‍ക്കാരിന്റെ ബാക്കിപത്രം. നിയമപരമല്ലാത്ത ഒരു കാര്യവും നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. യങ് ഇന്ത്യയെന്ന കമ്പനി രൂപീകരിച്ചത് കമ്പനി ആക്ടിലെ സെക്ഷന്‍ 25 അനുസരിച്ചാണ്. നോണ്‍ പ്രോഫിറ്റ് കമ്പനിയായിട്ടാണത് രൂപീകരിച്ചത്. കമ്പനി ആക്ടിലെ എല്ലാ നിബന്ധനങ്ങളും പാലിച്ചാണ് അത് പ്രവര്‍ത്തിച്ചത്. ഒരു രൂപയുടെ കള്ളപ്പണ ഇടപാടും ഇതില്‍ നടന്നിട്ടില്ല.
ബ്രട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനും കോണ്‍ഗ്രസ് ആശങ്ങള്‍ പ്രചരിപ്പിക്കാനുമാണ് 1937 ല്‍ ജവഹല്‍ ലാല്‍ നെഹ്റു നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം ആരംഭിച്ചത്. അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനി അതിന് വേണ്ടി സ്ഥാപിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ചാര്‍ജ്ജ് ഉള്‍പ്പെടെ മുടങ്ങുന്ന അവസ്ഥ ഉണ്ടായപ്പോള്‍ വിവിധ കാലഘട്ടങ്ങളിലായി ഏതാണ്ട് 90 കോടിയോളം രൂപ തവണകളായി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പിനായി കോണ്‍ഗ്രസ് കടമായി നല്കി സഹായിച്ചു. ഈ തുക ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാനും വി.ആര്.എസ് ആനുകൂല്യങ്ങള്‍ക്കും മറ്റുമാണ് വിനിയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖയുണ്ട്. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് ഈ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്.
വ്യാജ ആരോപണവും പ്രചരണവുമാണ് ബിജെപി നടത്തുന്നത്. യങ് ഇന്ത്യന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം പോലും എടുക്കാന്‍ സാധ്യമല്ല. എ.ജെ.എല്‍ ലിമിറ്റഡിന്റെ സ്വത്തോ ആസ്തികളോ കൈമാറ്റം ചെയ്യുകയോ അതില്‍ നിന്ന് ഒരു രൂപ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ബിജെപി ഉന്നയിക്കുന്നത്. സുബ്രഹ്മണ്യന് സ്വാമിയുടെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇഡി അന്വേഷണത്തോട് കോണ്‍ഗ്രസ് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ ഇഡി കേസ് അന്വേഷിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. എന്നാല്‍ ബിജെപി ഗാന്ധി കുടുംബത്തെ ഉന്നം വെച്ച് കേസുമായി മുന്നോട്ട് പോകുക ആയിരുന്നു. ജനം കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വിശ്വസിക്കുന്നുവെന്നും അവരില്‍ പ്രതീക്ഷ പുലര്‍ത്തുന്നു എന്നും മനസിലാക്കിയ മോദി ഭരണകൂടം രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളെ തേജോവധം ചെയ്യുന്നതിനാണ് ഈ കേസുമായി മുന്നോട്ട് പോകുന്നത്. അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തോടെ കോണ്‍ഗ്രസ് സംഘടനാ ശാക്തീകരണ നടപടികളിലൂടെ ശക്തയാര്‍ജ്ജിക്കുന്നുവെന്ന തിരിച്ചറിവാണ് ബിജെപി ഇത്തരം വ്യാജ ആരോപണവും കളളക്കേസും നടത്താന്‍ പ്രേരിപ്പിക്കുന്നത്.
എല്ലാ മേഖലയിലും മോദി ഭരണകൂടം പരാജയപ്പെട്ടു. തൊഴിലില്ലായ്മ പരിഹരിക്കാനും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനും മോദി സര്‍ക്കാരിന് കഴിയുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് മോദി ഭരണകൂടത്തിന്റെത്. ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്തുന്നു. വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്സീങ്ങളെയും ഓര്‍ഗനൈസറിലെ ലേഖനത്തിലൂടെ കത്തോലിക്ക സഭയേയും ബിജെപി ലക്ഷ്യമിടുന്നു.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് ഇത്തരം കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നത്. ഇതിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജില്ലതലങ്ങളില്‍ പ്രതിഷേധിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി സംവിധാന്‍ ബെച്ചാവോ റാലികള്‍ എല്ലാ സംസ്ഥാനങ്ങളിലും നടത്തും. ബിജെപിയുടെ പ്രതികാര വിദ്വേഷ രാഷ്ട്രീയം വീടുവീടാന്തരം കയറി കോണ്‍ഗ്രസ് വിശദീകരിക്കുമെന്നും ദീപദാസ് മുന്‍ഷി പറഞ്ഞു.
ഏത് കേസിലാണ് പിണറായിക്കെതിരായ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ചോദിച്ചു. മുഖ്യമന്ത്രിയെ സംരക്ഷിക്കാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചത്. മുഖ്യമന്ത്രി ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കരുവന്നൂര്‍ കേസില്‍ എന്തോ സംഭവിക്കാന്‍ പോകുന്നെന്ന പ്രതീതി ഉണ്ടക്കി. ഒന്നും നടന്നില്ല. സിപിഎമ്മും ബിജെപിയും പരസ്പരം സാഹായിച്ചു. കൊടകരകുഴല്‍പ്പണ കേസ് ഒതുക്കി തീര്‍ത്തു. പണം എവിടെ നിന്ന് വന്നന്നോ എവിടെക്ക് പോയെന്നോ പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചില്ല. ഒരു ബിജെപിക്കാരനെയും പ്രതിയാക്കിയില്ല. തിരഞ്ഞെടുപ്പ് കാലത്തെ വിലപേശലിന് വേണ്ടി മാത്രമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. അല്ലാതെ കേരളത്തിലെ മുഖ്യമന്ത്രിക്ക് ദോഷമാകുന്ന ഒരു നടപടികളും കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കില്ല. സിപിഎമ്മും ബിജെപിയും ഒരേ പാതയില്‍ സഞ്ചരിക്കുകയാണ്. ബി.ജെ.പി ഫാസിസ്റ്റ് പോയിട്ട് നവ ഫാസിസ്റ്റ് പോലും അല്ലെന്ന സര്‍ട്ടിഫിക്കറ്റാണ് സി.പി.എം നല്‍കിയത്. ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയത്. അത് അന്വേഷിക്കാന്‍ പോലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മടിയാണ്. താരതമേന്യ പ്രാധാന്യം കുറഞ്ഞ എസ്.എഫ്.ഐ.ഒ എന്ന ഏജന്‍സിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അത്മാര്‍ത്ഥത വ്യക്തമാണ്.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്. സമസ്ത മേഖലയിലും പരാജയപ്പെട്ടു. പൊതുകടം പെരുകി. ക്ഷേമ പെന്ഷന് നല്‍കുന്നില്ല. ആശുപത്രികളില്‍ മരുന്നില്ല. ഈ വര്‍ഷം മാത്രം 18 പേരെയാണ് അന ചവിട്ടിക്കൊന്നത്. ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പണം നല്കാനില്ലാത്ത സര്‍ക്കാരാണ് നൂറു കോടിയിലധികം പണം മുടക്കി മാങ്കം നടത്തുന്നത്. മുഖ്യമന്ത്രി ഒരിക്കലും കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യപാത്രമായി മാറരുത്. വാര്‍ഷിക മാമാങ്കം മാറ്റി വച്ച് ആ പണം ആശ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം നല്കുന്നതിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പാവങ്ങളുടെ കണ്ണീര് കാണാതെയാണ് ആഘോഷം നടത്തുന്നത്. 15 കോടി മുടക്കിയാണ് മുഖ്യമന്ത്രിയുടെ ഹോള്‍ഡിങ്സ് സ്ഥാപിക്കുന്നത്. പണ്ട് നടത്തിയ നവകേരള യാത്രയെക്കാള്‍ ദയനീയമായി ഈ മാമാങ്കം പരാജയപ്പെടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കും.
പതിനായിരം സെക്കന്റ് കോള്‍ ഡാറ്റ ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറയുന്നത്. ഫോണ്‍ ചോര്‍ത്താന്‍ ഇയാള്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഫോണ്‍ ചോര്‍ത്തലിന് എതിരെ നിയമം ഉണ്ടാക്കണമെന്ന് പറയുന്ന സി.പി.എമ്മാണ് അയാളെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘത്തിന്റെ പിടിയിലാണെന്ന് എത്രയോ തവണ പ്രതിപക്ഷം പറഞ്ഞതാണ്. ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. മറ്റൊരാള്‍ക്കെതിരെ എല്ലാ തെളിവുമുണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. രാജി വച്ച് പോകാന്‍ അയാളെങ്കിലും തയാറാകണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ഫോണ്‍ ചോര്‍ത്തിയത്. അതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇത് കേരളത്തിന് തന്നെ നാണക്കേടാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്നത് മാധ്യമസൃഷ്ടി. എന്തുകൊണ്ടാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥിയെ കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. മാധ്യമങ്ങള്‍ വിശ്വാസ്യത ഇല്ലാതാക്കരുത്. സി.പി.എമ്മിലെ സ്ഥാനാര്‍ത്ഥി ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചാനലുകള്‍ ചര്‍ച്ച നടത്താത്തത് എന്തുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് പ്രഖ്യാപിക്കും. തൃണമുല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം എ.ഐ.സി.സിയുമായും യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച ശേഷമാത്രമെ തീരുമാനിക്കു. പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിലമ്പൂര്‍ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്. പി.വി അന്‍വറുമായി താനും രമേശ് ചെന്നിത്തലയും വരും ദിവസം ചര്‍ച്ചനടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്, കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെ.പി.സി.സി മാധ്യമവിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്