എം.വി. രാഘവനെ തല്ലിയവരിൽ ഏറെ പേരും രാഘവന്റെ തന്നെ പരിലാളനയിൽ വളർന്ന് വലുതായ നേതാക്കളായിരുന്നു. രാഘവനെ ബദൽ രേഖ എന്ന കുരുക്കിൽ ചാടിച്ചത് പ്രമേയം അവതരിപ്പിച്ച ഇ.കെ. നായനാർ തന്നെയാണ്. ഇതാണ് രാഷ്ട്രീയം...
അങ്ങനെ 1987 മാർച്ച് 23 തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നു. 80 പോയിന്റ് 53% പോളിംഗ് നടന്നു. ഇടതുമുന്നണിക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത് 78 സീറ്റുകൾ അവർക്ക് ലഭിച്ചു ഐക്യജനാധിപത്യം മുന്നണിക്കാകട്ടെ 61 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സി.പി.എമ്മിലെ വാസവനെ 9164 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും അഞ്ചാം തവണയാണ് ഉമ്മൻചാണ്ടി വിജയിക്കുന്നത്.
അഴീക്കോട് എം.വി. രാഘവന്റെ വിജയം സി.പി.എമ്മിന് തിരിച്ചടിയായി. എന്നാൽ ഏറ്റുമാനൂരിൽ കോൺഗ്രസ് വിമതൻ ജോർജ് ജോസഫ് പൊടിപാറ വിജയിച്ചു കയറിയത് എല്ലാവർക്കും അത്ഭുതകരമായൊരു സംഗതിയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കെ.ടി. മത്തായിക്ക് ആ മത്സരത്തിൽ കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടു. കേരംതിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം ഉയർത്തിയ എൽ.ഡ.ിഎഫ്,
പക്ഷേ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഇ.കെ. നായനാരെ ആണ്. തിടുക്കത്തിൽ ആ ബുധനാഴ്ച രാത്രി തന്നെ നേതാവിനെ തിരഞ്ഞെടുത്തു. ഇ.എം.എസ്, ഇ. ബാലാനന്ദൻ, ബി.ടി. രണദീവേ വാസവ പുന്നയ്യ എന്നീ പി.വി. അംഗങ്ങളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. കെ.ആർ. ഗൗരിയുടെ പേര് ആരും പറഞ്ഞതു പോലുമില്ല. ഉടൻതന്നെ നായനാരുടെ പേര് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച അംഗീകാരവും നേടി.
യു.ഡി.എഫിന്റെ തോൽവിയുടെ ഉത്തരവാദിത്വം കെ.കരുണാകരൻ ഏറ്റെടുത്തുവെങ്കിലും അത് കോൺഗ്രസ് മുന്നണിയുടെ മൊത്തത്തിലുള്ള പരാജയമാണെന്നു സമ്മതിക്കാതെ തരമില്ല. ഘടകകക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസവും കോൺഗ്രസിലെ ആഭ്യന്തര കുഴപ്പങ്ങളും പ്രതിച്ഛായ ചർച്ചയും ഒക്കെ പരാജയത്തിന് കാരണമായി. അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്ന സംവരണ പ്രശ്‌നവും തങ്കമണി വിഷയവുമൊക്കെ തോൽവിക്ക് ശക്തി പകർന്നു.
റിബലുകൾ ഒട്ടേറെ കോൺഗ്രസ് വോട്ടുകൾ ചോർത്തിയെടുത്തു. ചില സ്ഥലങ്ങളിൽ എല്ലാം ഉമ്മൻചാണ്ടി നേരിട്ട് തന്നെ പോയി സംസാരിച്ചു പ്രശ്‌നം തീർത്തെങ്കിലും എല്ലായിടത്തും അത് വിലപ്പോയില്ല. കുറെ വോട്ടുകൾപിടിച്ചെടുത്തു. എം.വി. രാഘവന്റെ സി.എം.പി വേണ്ടത്ര ശോഭിച്ചില്ല.
സത്യത്തിൽ പിന്നോക്ക സമുദായത്തിൽ നിന്ന് ഒരു വനിത മുഖ്യമന്ത്രിയാവും എന്ന ഇടതുപക്ഷത്തിന്റെ ശക്തമായ പ്രചരണം കേരളത്തിൽ ഒരു ചെറു ചലനം ഉണ്ടാക്കി. പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടതുപക്ഷം നന്നായി അവസരം കൊടുത്തു. അതിന് ഫലം ഉണ്ടാവുകയും ചെയ്തു. കെ. കരുണാകരനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഉമ്മൻചാണ്ടി കോൺഗ്രസ് നിയമസഭാ കക്ഷി ഉപ നേതാവായി. സി.വി. പത്മരാജൻ രാജിവച്ചതിനെ തുടർന്ന് 1987 സെപ്തംബർ ഏഴിന് എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.
നായനാർ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു 48 മണിക്കൂർ തികയുന്നതിന് മുൻപ് ജനത പാർട്ടി എം.പി. വീരേന്ദ്രകുമാറിന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നു. അദ്ദേഹത്തെ മന്ത്രിയാക്കിയതിൽ ജനത പാർട്ടിയുടെ നിയമസഭ കക്ഷിയിലെ ചില അംഗങ്ങൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ആ എതിർപ്പ് പരസ്യമായി രേഖപ്പെടുത്തിയ അവസരത്തിലാണ് വീരേന്ദ്രകുമാറിന് രാജി വയ്‌ക്കേണ്ടതായി വന്നത്.
നായനാരുടെ നേതൃത്വത്തിൽ 1987 മാർച്ച് 26ന് ഇടത് മന്ത്രിസഭ അധികാരമേറ്റു മൂന്ന് മാസത്തിനകം അധികാരത്തിന്റെ അഹന്തയാൽ എ.കെ.ജി സ്മാരക ആശുപത്രി സി.പി.എം പിടിച്ചെടുത്തു തെരഞ്ഞെടുപ്പിന് പോലീസ് സംരക്ഷണം കൊടുക്കണമെന്ന് ഹൈക്കോടതി നിർദേശം പോലും കാറ്റിൽ പറത്തി. കൃത്രിമമായി ഒട്ടേറെ ഷെയർ സർട്ടിഫിക്കറ്റുകൾ അച്ചടിച്ച് പോലീസിന്റെ സഹായത്തോടെയും സംരക്ഷണയിലും തെരഞ്ഞെടുപ്പു നടത്തി.
ഹൈക്കോടതി നിർദേശം പോലും കാറ്റിൽ പറത്തി. കള്ളവോട്ടുകൾ വ്യാപകമായി ചെയ്തു. എന്തിനേറെ പ്രസിഡന്റായി എം.വി. രാഹുലിന്റെ വോട്ട് പോലും മറ്റാരോ ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. വോട്ട് ചെയ്യാൻ എത്തിയ രാഘവനെ സഖാക്കൾ ബലംപ്രയോഗിച്ചു പുറത്താക്കി.
പിന്നെ അസഭ്യവർഷമായി. തല്ലിഒതുക്കാനുള്ള ശ്രമമായി. എ.കെ.ജി ആശുപത്രി സ്ഥിതിചെയ്യുന്ന തളാപ്പ് മുതൽ തെക്കിബസാർ വരെ അദ്ദേഹത്തെ കല്ലെറിയുകയും ചീത്ത വിളിക്കുകയും ചീമുട്ട എറിയുകയും ചെയ്തുകൊണ്ടിരുന്നു. അക്ഷരാർത്ഥത്തിൽ മാർക്‌സിസ്റ്റ് പാർട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
എം.വി. രാഘവൻ ഒരു പരുക്കനായ രാഷ്ട്രീയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു അഗ്‌നിപർവ്വതം എരിയുന്നുണ്ടായിരുന്നു. താൻ ഇക്കണ്ട കാലമത്രയും വിശ്വസിച്ചു പോകുന്ന പ്രസ്ഥാനത്തിന് വേണ്ടി എന്തും ചെയ്യാൻ ഒരുക്കമായിരുന്ന മനുഷ്യൻ. ശരിയാണെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ച നിലപാട് എടുക്കുന്ന വ്യക്തി. സി.പി.എമ്മിൽ അവസാന വാക്കായ ഇ.എം.എസിനെ പോലും ചോദ്യം ചെയ്തിട്ടുണ്ട്.
നിയമസഭാ നടക്കുന്ന സമയം ആണ് ആശുപത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ മൂന്നാം ദിവസം ജൂൺ 30ന് രാഘവൻ വിഷയം സബ്മിഷൻ ആയി ഉന്നയിച്ചു. സബ്മിഷൻ ആവുമ്പോൾ വിഷയാവതരണവും മന്ത്രിയുടെ മറുപടിയുമായി അവസാനിക്കേണ്ടതാണ് പക്ഷേ രാഘവനും സി.പി.എം അംഗങ്ങളും തമ്മിൽ തർക്കവും ബഹളവും തുടങ്ങി. കോൺഗ്രസിന്റെ ഭാഗത്തുനിന്നും ആളുകൾ എഴുന്നേറ്റ്. സഹകരണ മന്ത്രി പി.കെ. രാമകൃഷ്ണൻ മറുപടി പറയാൻ എഴുന്നേറ്റു. ഏറെ ബഹളത്തിനിടെ അദ്ദേഹം പറഞ്ഞു ഷെയർ സർട്ടിഫിക്കറ്റ് ഉള്ളവരാണ് വോട്ട് ചെയ്ത് മുഴുവൻ എന്ന്.
മന്ത്രി ഇക്കാര്യം തറപ്പിച്ചു തന്നെ പറഞ്ഞു.
ഭരണപക്ഷത്തെ മുൻനിരയിലാണ് ടി.കെ. രാമകൃഷ്ണന്റെ ഇരിപ്പിടം പ്രതിപക്ഷ ഒന്നാം നിരയിൽ ഉമ്മൻചാണ്ടിയിരിക്കുന്നു. പെട്ടെന്ന് എം.വി. രാഘവൻ ഭരണപക്ഷത്തേക്ക് നീങ്ങുന്നത് കണ്ടു. കയ്യിൽ വ്യാജ ഷെയർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അതുമായി മന്ത്രിയുടെ മുന്നിൽ ചെന്ന് അദ്ദേഹം ചോദിച്ചു: ഇത് കള്ള സർട്ടിഫിക്കറ്റുകൾ അല്ലേ? എന്നിട്ട് അദ്ദേഹം മന്ത്രിയുടെ നേർക്ക് നീട്ടി. അദ്ദേഹം വാങ്ങിയില്ല. എന്നാൽ എം.വി. രാഘവൻ ഒരു സർട്ടിഫിക്കറ്റ് മന്ത്രിയുടെ പോക്കറ്റിൽ നിക്ഷേപിച്ചു.
ഓർക്കാപ്പുറത്താണ് അത് സംഭവിച്ചത് സി.പി.എം ബെഞ്ചുകളിൽ നിന്ന് ഒരു സംഘം മുന്നോട്ടു കുതിച്ചുവന്നു അവർ രാഘവനെ പൊതിരെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നു. ഒടുവിൽ ചവിട്ടിവീഴ്ത്തി. വീണു കിടക്കുമ്പോഴും ചവിട്ടും തൊഴിയും തുടർന്നുകൊണ്ടേയിരുന്നു. കൊടിയേരി ബാലകൃഷ്ണൻ, ഗോപി കോട്ടമുറി, ആർ. ഉണ്ണികൃഷ്ണപിള്ള, ഡി.ജെ. ആഞ്ചലോസ് എന്നിവർ സംഘം ചേർന്നായിരുന്നു ഈ ആക്രമം നടത്തിയത്. എം.വി. രാഘവൻ ടി.കെ. രാമകൃഷ്ണനെ കയ്യേറ്റം ചെയ്തു എന്നാണ് അവർ കരുതിയത്.
അക്ഷരാർത്ഥത്തിൽ സഭ ഞെട്ടി. വാച്ച് ആൻഡ് വാർഡ് അനങ്ങിയില്ല. കെ.പി. നൂറുദ്ദീൻ, ടി.എം. ജേക്കബ്, ആര്യടൻ മുഹമ്മദ്, ആർ. ബാലകൃഷ്ണപിള്ള തുടങ്ങിയവർ ചേർന്നാണ് ഭരണകക്ഷിക്കാരുടെ കൈയിൽനിന്നും രാഘവനെ രക്ഷിച്ചത്. സഭ തൽക്കാലത്തേക്ക് നിർത്തി. രാഘവനെ മെഡിക്കൽ കോളേജിലേക്ക് ഉടൻ കൊണ്ടുപോയി. രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗ തീരുമാനം അനുസരിച്ച് ജൂലൈ 15 വരെ രാഘവനെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം മുഖ്യമന്ത്രി നായനാർ അവതരിപ്പിച്ചു പാസാക്കി.
തല്ലിയവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. അടിയും തൊഴിയും ഏറ്റ് മെഡിക്കൽ കോളേജിൽ അഭയം തേടിയ വ്യക്തി പുറത്ത്. രാഘവനെ തല്ലിയവരിൽ ഏറെ പേരും രാഘവന്റെ തന്നെ പരിലാളനയിൽ വളർന്ന് വലുതായവരാണ്. രാഘവനെ ബദൽ രേഖ എന്ന കുരുക്കിൽ ചാടിച്ചത് പ്രമേയം അവതരിപ്പിച്ച നായനാർ തന്നെയാണ്. ഇതാണ് രാഷ്ട്രീയം...!
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമായി അത് മാറി. തന്റെ കൺമുന്നിൽ വച്ച് ആക്രമണത്തിനിരയായ വ്യക്തിയെ ശിക്ഷിക്കാൻ താൻ കൂടി പങ്കാളി ആയതിലുള്ള കൊടിയ ദുഃഖം. സ്പീക്കറുടെ സാന്നിധ്യത്തിൽ ഭൂരിപക്ഷ പ്രകാരം എടുത്ത പൊതു തീരുമാനത്തെ എതിർത്ത് മാറ്റാൻ സാധിച്ചില്ല എന്ന കുറ്റബോധം ഉമ്മൻചാണ്ടിയെ വല്ലാതെ വേദനിപ്പിച്ചു.
ജോഷി ജോർജ്
(തുടരും)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്