കോഴിക്കോട്: കോഴിക്കോട് പാളയം സ്വദേശിയായ ബിജുവിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലാകെ 45 മുറിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിന്റെ മുൻവശത്തും പിൻവശത്തുമായി 18 കുത്തേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച അന്വേഷണസംഘം അവ വിശദമായി പരിശോധിച്ചുവരികയാണ്.
ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. ബിജുവിന്റെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങളാണെന്നാണ് ബിജുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് സജീവമായിരുന്ന ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങളെ ബിജു ചോദ്യം ചെയ്തിരുന്നതായും, വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരസ്യമായി മദ്യപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി പൊലീസിനെ അറിയിച്ചിരുന്നതായും കുടുംബം പറയുന്നു.
ഇതിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതോയെന്ന സംശയവും കുടുംബം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
