മൂന്നാർ: മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇന്നലെ ചെണ്ടുവരയിൽ 0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഉൾപ്രദേശങ്ങളിലുടനീളം കടുത്ത തണുപ്പ് തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി മേഖലകളിൽ കഴിഞ്ഞ ദിവസം താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. താപനില കുറയുന്നതോടെ പുലർച്ചെ സമയങ്ങളിൽ പുൽമേടുകളിൽ മഞ്ഞുപാളികൾ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്.
ഡിസംബർ 13ന് ചെണ്ടുവരയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ശക്തമായ തണുപ്പിനെ തുടർന്ന് ഈ വർഷം മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായി. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ പുൽമേടുകളിൽ അതിരാവിലെ എത്തുന്നവർക്ക് കടുത്ത തണുപ്പ് നേരിട്ട് അനുഭവിക്കാം.
മൂന്നാറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ ഇവിടെ കാണാൻ സാധിക്കും. മാട്ടുപ്പട്ടി ബോട്ടിംഗ്, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികൾ ഏറെ സന്ദർശിക്കുന്ന കേന്ദ്രങ്ങളാണ്.
ഇതിനിടെ, അൻപതാം വാർഷികം ആഘോഷിക്കുന്ന ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ മികച്ച ദേശീയോദ്യാനം എന്ന അംഗീകാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. 2020 മുതൽ 2025 വരെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്മെന്റ് ഫലപ്രാപ്തി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
