തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി. വിദഗ്ധസമിതിയെ ഇതിനായി നിയോഗിച്ചതാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏതാനും മാസങ്ങൾ മുൻപാണ് ഇത് കണ്ടുപിടിച്ചത്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.
കട്ടാക്കട മലയൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. ഡോ.രാജിവ് കുമാറാണ് തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു.
ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തത് മൂലം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ് യുവതിയുടെ പരാതി.
ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ എക്സ്റേ പരിശോധനയിൽ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതിൽ നീതിവേണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്