തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിനും പരീക്ഷാ ഭവന് വരുത്തുന്ന കാലതാമസം നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി എന്‍. ഷംസുദ്ദീന് മിന്നല്‍ പരിശോധന നടത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
പരിശോധനയില്‍ അപേക്ഷകരില്‍ പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ രണ്ടും മൂന്നും മാസം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ സ്കൂളുകളില്‍ നേരിട്ടെത്തി തിരുത്തി തിരിച്ചുവരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സര്‍ട്ടിഫിക്കറ്റ് വിതരണം വൈകാന്‍ കാരണമെന്ന് പരീക്ഷാഭവന് ജീവനക്കാര്‍ വിശദീകരിച്ചു. എന്നാല്‍ റിസപ്ഷനിലെ ഫോണ്‍ കോളുകള്‍ പോലും കൃത്യമായി കൈകാര്യം ചെയ്യുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള ഗുരുതര വീഴ്ചകളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ഉന്നതതല ചര്‍ച്ച നടത്തിയ മന്ത്രി, പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്കി. ഇനിമുതല്‍ അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കണം. റിസപ്ഷനിലെയും സൂപ്രണ്ടുമാരുടെയും വിവരവിനിമയത്തിലെ വീഴ്ചകള്‍ പരിഹരിക്കുന്നതിനായി ഇവര്‍ക്ക് പുതിയ മൊബൈല്‍ ഫോണ്‍ സൗകര്യം ഉറപ്പാക്കും. കൂടാതെ കൗണ്ടറുകളില്‍ അപേക്ഷകര്‍ മണിക്കൂറുകളോളം വരിനില്‍ക്കുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ ജീവനക്കാരെ അടിയന്തരമായി നിയോഗിക്കാന്‍ പരീക്ഷാ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
സേവനങ്ങള്‍ അനായാസവും സമയബന്ധിതവുമാക്കാന്‍ പരീക്ഷാഭവന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. ഓഫീസ് സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പരീക്ഷാഭവന് 60 ലാപ്ടോപ്പുകളും മന്ത്രി തല്‍സമയം അനുവദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
