തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ലഭ്യമാക്കുന്നത് ഉറപ്പാക്കിയ ശേഷമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളുവെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
വേദിയിൽ ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സ്ത്രീപക്ഷ നിലപാടിന്റെ ചരിത്രപരമായ ഇടപെടലാണ് പ്രിയദർശിനി പദ്ധതിയെന്നും പദ്ധതിക്കായി ആവശ്യമായ അധിക തുക സർക്കാർ കൃത്യമായി കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യ്ക്ക് ഇന്ന് തുടക്കമാകും. ഉദ്ഘാടന ദിനത്തിൽ ബസ് ഓടിക്കുന്നത് കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ ഷീല ആയിരിക്കും. കണ്ടക്ടറായും വനിതാ ജീവനക്കാരി തന്നെയാകും സേവനമനുഷ്ഠിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിഐപികൾ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കും. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് ഉദ്ഘാടന യാത്ര.
സംസ്ഥാനത്താകെ 3,125 കെഎസ്ആർടിസി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര ലഭിക്കുക.
പദ്ധതി നിലവിൽ വന്നതോടെ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസഷൻ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളിൽ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന പ്രത്യേക സ്റ്റിക്കർ പതിപ്പിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
