തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിൽ സന്ദേശമെത്തും. നിയന്ത്രണം ഏത് സമയത്തായിരിക്കുമെന്ന് മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം കെഎസ്ഇബി ആരംഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് എസ്‌എംഎസ് ലഭിക്കുക. വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്ന സമയവും സന്ദേശത്തിൽ അറിയാനാകും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുതിയ എസ്‌എംഎസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് ഇത് നടപ്പാക്കുന്നത്. തുടർന്ന് നാളെയും മറ്റന്നാളുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിയന്ത്രണത്തിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ദീർഘകാല വൈദ്യുതി കരാർ നഷ്ടമായത് സർക്കാരിന്റെ ഏകോപനത്തിലെ വീഴ്ച മൂലമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രൂക്ഷമായതോടെ പലയിടത്തും പ്രതിഷേധം ശക്തമാണ്. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ പലതവണ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ ബാധിക്കുന്നതായി വ്യാപക പരാതിയുണ്ട്. കൊല്ലത്ത് കെഎസ്ഇബി ഓഫീസിന് മുന്നിൽ ഡിവൈഎഫ്‌ഐ കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ചും പ്രതിഷേധിച്ചു. ഇടമൺ–തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതിനിടെ, സെപ്റ്റംബർ 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ നിലപാടാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഈ മാസം മുഴുവൻ പ്രതിസന്ധി രൂക്ഷമായി തുടരാനാണ് സാധ്യതയെന്നും 15നകം പ്രശ്നം പൂർണമായി പരിഹരിക്കാനാകില്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ പീക്ക് സമയത്ത് ഏകദേശം 1,000 മെഗാവാട്ടിന്റെ കുറവാണ് നേരിടുന്നത്. ഇത് മറികടക്കാൻ സെപ്റ്റംബർ അവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നും കെഎസ്ഇബി പറയുന്നു. മഴ ലഭിച്ചാൽ നേരിയ ആശ്വാസമുണ്ടാകാം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെടാതെ ആവശ്യമായ വൈദ്യുതി ലഭ്യമാകുന്നതിലും ബുദ്ധിമുട്ടുണ്ടാകുമെന്നും ബോർഡ് വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കുന്നതുവരെ വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നും അമിതമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
