തിരുവനന്തപുരം: സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ അംഗത്വം രാജി പ്രഖ്യാപിച്ച ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
എഐടിയുസി ജില്ലാ ജോ.സെക്രട്ടറി വട്ടിയൂര്‍ക്കാവ് ബി ജയകുമാര്‍, സംസ്ഥാന ജോയിന്റ് കൗണ്‍സില്‍ അംഗം ബിനു സുഗതന്‍,അരുവിക്കര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കളത്തറ വാര്‍ഡ് മെമ്പറുമായ മധു കളത്തറ, സിപിഐ ചിറയിന്‍കീഴ് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി പുളുന്തുരുത്തി ഗോപന്‍,റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മീനാങ്കല്‍ സന്തോഷ്,സിപിഐ വര്‍ക്കല മുന്‍ മണ്ഡലം കമ്മിറ്റി അംഗം ബിജു വര്‍ക്കല തുടങ്ങിയവരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു.
സിപി ഐ രാഷ്ട്രീയപരമായി എല്‍ഡിഎഫില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വരും ദിവസങ്ങളില്‍ കൂടതല്‍ പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിപി ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനും ഭീഷണിക്കും വഴങ്ങി സിപിഐയ്ക്ക് അവരുടെ നിലപാടുകള്‍ പോലും വിഴുങ്ങേണ്ട അവസ്ഥയാണ്. അത്തരമൊരു അവസ്ഥയില്‍ മീനാങ്കല്‍ കുമാറും സഹപ്രവര്‍ത്തകരും സിപിഐ വിട്ടത് ഏറെ സന്തോഷകരമാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിച്ച് വരുന്ന മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ പൊതുപ്രവര്‍ത്തകനായ മീനാങ്കല്‍ കുമാറിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവേശനം തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരും. ഇതൊരു തുടക്കം മാത്രമാണ്. ഇതിന്റെ തുടര്‍ ചലനങ്ങളുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്ന് മീനാങ്കല്‍ കുമാര്‍ പറഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ സിപി ഐ കേരളത്തില്‍ വ്യത്യസ്ത മുന്നണിയുടെ ഭാഗമാകുന്ന സംവിധാനം മാറണമെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്നും മീനാങ്കല്‍ കുമാര്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ ചവിട്ടും തൊഴിയുമേറ്റ് സിപിഐ എല്‍ഡിഎഫില്‍ തുടരാതെ യുഡിഎഫിന്റെ ഭാഗമാകണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.എസ്.ശബരിനാഥന്‍ സ്വാഗതം പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍, കെപിസിസി വൈസ് പ്രസിഡന്റ് എം.വിന്‍സന്റ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍,കെ.എസ്.ഗോപകുമാര്‍,രമണി പി നായര്‍,ആര്‍.ലക്ഷ്മി എന്നിവരും കോണ്‍ഗ്രസ് നേതാവ് വിതുര ശശിയും പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
