കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം.ക്വു.എഫ്) നാളെ((14.11.25) ആരംഭിക്കും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷനിലെ സെൻട്രൽ മത്സരങ്ങളാണ് കാരന്തൂരിലെ മർകസ് കേന്ദ്ര ക്യാമ്പസിൽ നടക്കുക. മൂന്നു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർത്ഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 29 വ്യത്യസ്ത മത്സരങ്ങളിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. യൂണിറ്റ്, സെക്ടർ തല ഫെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരാണ് മർകസിൽ നടക്കുന്ന സെൻട്രൽ ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്.
മത മൂല്യങ്ങളിൽ ഉറച്ച് നിന്ന് കലാവിഷ്‌കാരം നടത്തുക, ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിവലിൽ നടക്കും.
നാളെ ഉച്ചക്ക് 3 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ശൈഖ് ഡോ.അഹ്മദ് മംദൂഹ് ഈജിപ്ത്, ശൈഖ് താരിഖ് അബ്ദുൽ ഹാദി മുഖ്യാതിഥികളാവും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സെഷൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിക്ക് 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന എം.ക്വു.എഫ് അവാർഡ് സമ്മാനിക്കും. ഖുർആൻ അക്കാദമികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി 'ഉസ്‌റത്തുൽ ഖുർആൻ' പാരായണ മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
