മംഗളൂരു നഷ്ടപ്പെട്ടു: പാലക്കാട് ഡിവിഷന്റെ ചിറകരിഞ്ഞ് റെയില്‍വേ മന്ത്രാലയം; ഭൂപടത്തില്‍ ചുരുങ്ങി മലബാറിന്റെ റെയില്‍വേ വികസനം

AUGUST 21, 2026, 8:53 PM

പാലക്കാട്: കോച്ച് ഫാക്ടറി സ്വപ്നം കൈവിട്ടുപോയതിന് പിന്നാലെ പാലക്കാട് റെയില്‍വേ ഡിവിഷന്റെ ചിറകരിഞ്ഞ് വീണ്ടും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ്. പാലക്കാട് ഡിവിഷന് കീഴിലുണ്ടായിരുന്ന മംഗളൂരു, ഉള്ളാള്‍ മേഖലകളെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ, സ്വയം നിലനില്‍പ്പുപോലും ഭീഷണിയിലായ ഒരു കൊച്ചു ഡിവിഷനായി പാലക്കാട് മാറിയിരിക്കുകയാണ്. 2006 ല്‍ സേലം ഡിവിഷന്‍ രൂപവത്കരണത്തോടെ പകുതിയിലേറെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന്, ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ തീരുമാനം വീണ്ടുമൊരു ഇരുട്ടടിയായി മാറുന്നു.

മംഗളൂരുവും ന്യൂ മംഗളൂരു തുറമുഖവും കൈവിട്ടുപോകുന്നതോടെ പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസാണ് പൂര്‍ണ്ണമായും അടയുന്നത്. ന്യൂ മംഗളൂരു തുറമുഖം വഴിയുള്ള കല്‍ക്കരി, വളം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്കുനീക്കത്തില്‍ നിന്ന് ലഭിച്ചിരുന്ന കൂറ്റന്‍ സാമ്പത്തിക ലാഭം ഇതോടെ മൈസൂരു ഡിവിഷന് സ്വന്തമാകും. ചരക്കുവരുമാനം പാതിയായി കുറയുന്നതോടെ യാത്രാനിരക്കുകളെ മാത്രം പ്രധാനമായും ആശ്രയിക്കുന്ന ഒന്നായി പാലക്കാട് ഡിവിഷന്‍ മാറും. വരുമാനത്തിലും പ്രവര്‍ത്തനമികവിലും രാജ്യത്ത് മുന്‍പന്തിയില്‍ നിന്ന ഒരു ഡിവിഷനാണ് ഈ തീരുമാനത്തിലൂടെ തളരുന്നത്.

ഭൂമിശാസ്ത്രപരമായും പാലക്കാട് ഡിവിഷന്‍ വലിയ തോതില്‍ ചുരുങ്ങുകയാണ്. പുതിയ അതിര്‍ത്തി മാറ്റത്തോടെ വെറും 582.7 റൂട്ട് കിലോമീറ്റര്‍ മാത്രമായിരിക്കും ഈ ഡിവിഷന്റെ ആകെ ദൈര്‍ഘ്യം. ഇത് ഭാവിയില്‍ റെയില്‍വേ വികസന ഫണ്ട് അനുവദിക്കുന്നതിനെയും ജീവനക്കാരുടെ തസ്തികകളെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രധാന ടെര്‍മിനല്‍ സ്റ്റേഷന്‍ നഷ്ടമാകുന്നത് മലബാറിലേക്കുള്ള പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തടസ്സമാകുകയും യാത്രാദുരിതം വര്‍ധിപ്പിക്കുകയും ചെയ്യും. ഈ അടിയന്തര സാഹചര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam