മണലൂരിന്റെ കാറ്റ് ആര്‍ക്കൊപ്പം? പ്രതീക്ഷയില്‍ മുന്നണികള്‍

MAY 3, 2026, 10:21 PM

മണലൂര്‍: പ്രത്യേകിച്ച് ഏതെങ്കിലുമൊരു പാര്‍ട്ടിയോട് കൂറ് പ്രകടിപ്പിക്കാത്ത മണ്ഡലമാണ് മണലൂര്‍. ജോസഫ് മുണ്ടശ്ശേരിയും സ്വാതന്ത്ര്യ സമര സേനാനി കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും വിഎം സുധീരനും റോസമ്മാ ചാക്കോയും അടക്കമുള്ള പ്രമുഖര്‍ ജയിച്ചു കയറിയ മണ്ഡലമാണ് മണലൂര്‍.

മത്സര രംഗത്ത് അണിനിരന്ന വമ്പന്മാരുടെ ചിത്രം തന്നെ പറയും മണലൂരിലെ പോരാട്ടത്തിന്റെ ആഴം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെന്ന് പേരെടുത്ത സി. രവീന്ദ്രനാഥ്, കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, ബിജെപിയില്‍ നിന്ന് മുന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍. മണലൂരിലെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയ തിരഞ്ഞെടുപ്പ്.

കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടില്‍ തുടങ്ങി എന്‍ ഐ ദേവസ്സിക്കുട്ടിയും വിഎം സുധീരനും റോസമ്മ ചാക്കോയും എം കെ പോള്‍സണ്‍ മാസ്റ്ററും വരെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിരന്തരം ജയിച്ചു പോന്ന 10 തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എത്തിയ സൗമ്യനായ മുരളി പെരുനെല്ലിയാണ് 2006 ല്‍ മണലൂര്‍ ഇടതു മുന്നണിക്കു വേണ്ടി പിടിച്ചത്. 7720 വോട്ടുകള്‍ക്കാണ് അന്ന് യുവാവായ മുരളി പെരുനെല്ലി സിറ്റിങ് എം എല്‍ എ പോള്‍സണ്‍ മാസ്റ്ററെ തോല്‍പ്പിച്ചത്. 2011 ല്‍ പക്ഷേ മുരളിയെ മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം നീക്കം പാളി. 481 വോട്ടിന് ബേബി ജോണിനെ തോല്‍പ്പിച്ച് പി എം മാധവന്‍ സഭയിലെത്തി. 2016 ലും 2021 ലും മുരളി പെരുനെല്ലി തന്നെ സിപിഎമ്മിനു വേണ്ടി മണലൂര്‍ നേടി. 2016 ല്‍ 19325 വോട്ടിന്റേയും 2021 ല്‍ 29876 വോട്ടിന്റേയും ഭൂരിപക്ഷമാണ് മുരളി പെരുനെല്ലി നേടിയത്.

2011 ല്‍ 63000 കടന്ന യുഡിഎഫ് വോട്ടുകള്‍ 2016 ല്‍ 51000ത്തിലേക്കും 2021 ല്‍ 48461 ലേക്കും കുറഞ്ഞതാണ് ഇതിനിടയിലുണ്ടായ സംഭവം. ഒപ്പം 2011 ലെ 10543 ല്‍ നിന്ന് ബിജെപി വോട്ടുകള്‍ എ എന്‍ രാധാകൃഷ്ണലിലൂടെ 36000 ത്തിലേക്കും 37000ത്തിലേക്കും വളരുന്നതും മണലൂരില്‍ കണ്ടു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മണലൂരില്‍ 8013 വോട്ടിന്റെ ലീഡ് നേടിയിരുന്നു. അന്ന് മണലൂരിലെ ബിജെപി വോട്ട് 61196 ലെത്തി.

2019 ല്‍ അത് 44765 ആയിരുന്നു. അത്തവണ കോണ്‍ഗ്രസ് വോട്ടുകളില്‍ പതിമൂവായിരത്തിന്റെ ഇടിവുണ്ടായി. കോണ്‍ഗ്രസ് വോട്ട് 63420 ല്‍ നിന്ന് 50897 ആയി. ടി എന്‍ പ്രതാപന്റെ ശക്തി കേന്ദ്രത്തില്‍ കെ മുരളീധരന് നേരിട്ട തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വത്തെത്തന്നെ അമ്പരപ്പിച്ചു. 2019 ല്‍ 50482 വോട്ടുണ്ടായിരുന്ന ഇടതു മുന്നണി അത് 53183 ആക്കി ഉയര്‍ത്തി. മണലൂര്‍ മണ്ഡല പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് നടന്ന തെരഞ്ഞടുപ്പില്‍ ഇടതു മുന്നണിക്ക് 16145 വോട്ട് ലീഡുണ്ടായിരുന്നു. അത് 29876 ആക്കി മെച്ചപ്പെടുത്താന്‍ മുരളി പെരുനെല്ലിക്ക് സാധിച്ചിരുന്നു.

ഇത്തവണ 5 മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മണലൂരില്‍ 8631 വോട്ടിന്റെ ലീഡുണ്ടായിരുന്നു. അവിടെയാണ് പ്രൊഫ. സി. രവീന്ദ്രനാഥും ടി എന്‍ പ്രതാപനും തമ്മില്‍ മത്സരിക്കുന്നത്. മണലൂരിലടക്കം തൃശ്ശൂര്‍ മണ്ഡലത്തിലാകെ സുരേഷ് ഗോപിയുടെ വിജയത്തിന് വഴിയൊരുക്കിയ സംഘാടകനായ കെ കെ അനീഷ് കുമാര്‍ ബിജെപി ടിക്കറ്റിലും മത്സരിച്ചു. തീപാറിയ പോരാട്ടത്തിനൊടുവില്‍ ഫലം കാത്തിരിക്കുകയാണ് മണലൂരിലെ വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും. വിജയത്തിനായി സാധ്യമായതെല്ലാം മൂന്ന് മുന്നണികളും മണലൂരില്‍ പയറ്റിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam