കൊച്ചി : സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ മഹാരാജാക്കന്മാരാണെന്ന് കരുതരുതെന്നും ഗതാഗത നിയമങ്ങളും യാത്രാ സുരക്ഷയും കൃത്യമായി പാലിക്കാൻ തയ്യാറാകണമെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി.
കായംകുളത്ത് നടന്ന സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളിൽ അപകടനിലയിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന വിധത്തിൽ സർവീസ് നടത്തുന്ന ബസ് ഡ്രൈവർമാരുടെ പ്രവണത അംഗീകരിക്കാനാവില്ലെന്നും റോഡിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പ് കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ജനങ്ങളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന പ്രവണത അനുവദിക്കില്ലെന്ന് വ്യക്തമാക്കി. നിയമങ്ങളിലെ ചില അപാകതകൾ മുതലെടുത്ത് ആളുകളെ വേട്ടയാടുന്നവരെ കണ്ടെത്താൻ വിജിലൻസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ നിയമങ്ങൾ കുറച്ചുകൂടി കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസിന്റെ വളയം പിടിച്ചാൽ 'ഞാനാണ് രാജാവ്' എന്ന രീതിയിലുള്ള ചിന്താഗതി മാറ്റണമെന്നും കേസുണ്ടായാൽ മുതലാളി നോക്കിക്കൊള്ളുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തരം അനാസ്ഥകൾ ശിക്ഷകളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ മാത്രമാണ് കാരണമാകുന്നത്.
വ്യവസായം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ നിയമപരമായ പരിഹാരങ്ങൾ സർക്കാർ സാധ്യമാക്കുമെന്നും എന്നാൽ ബസുകളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ മാനുഷിക ബോധമുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും തെരഞ്ഞെടുക്കാൻ ബസുടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
