കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം ഡിസംബർ രണ്ടിന് നടക്കും.
വിദേശത്തുള്ള മകൻ എത്തേണ്ടതുകൊണ്ടാണ് സംസ്കാരം ഡിസംബർ 2ലേക്ക് മാറ്റിയത്. മൃതദേഹം തിങ്കളാഴ്ച്ച പൊതു ദർശനത്തിനുവയ്ക്കും. അതുവരെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. സംസ്കാരം അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദിൽ നടക്കും.
അന്തരിച്ച കാനത്തിൽ ജമീലയെ വിവിധ നേതാക്കൾ അനുസ്മരിച്ചു.
കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു
ഈ വിയോഗം വളരെ ഏറെ വേദനിപ്പിക്കുന്നു. എത്ര ഓർമ്മകൾ പ്രിയ സഖാവേ..നിയമസഭയിലെ ചടുലമായ പ്രസംഗങ്ങൾ. ഇടപെടലുകൾ. കൊയിലാണ്ടി മണ്ഡലത്തിൻറെ വികസനത്തിന് വേണ്ടി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ.
2023-ൽ കോഴിക്കോട് ഒരാൾക്ക് നിപ്പ ആദ്യം സംശയിച്ചപ്പോൾ തന്നെ ഞാൻ കോഴിക്കോട് എത്തി. അതൊരു ഔട്ബ്രേക് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോഴിക്കോട് തുടരാൻ തീരുമാനിച്ചു. രണ്ടു മൂന്നു ദിവസങ്ങൾക്കപ്പുറത്തേക്കു താമസിക്കാൻ ഞാൻ വസ്ത്രങ്ങൾ കരുതിയിരുന്നില്ല. ഇത് സംബന്ധിച്ച് ഞാനും ജമീല സഖാവും ഒന്നും സംസാരിച്ചിരുന്നില്ല. എന്നാൽ പിറ്റേന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് എനിക്കുള്ള വസ്ത്രങ്ങളുമായി പ്രിയ സഖാവ് എത്തി.
എത്ര ഓർമ്മകൾ. ആർസിസിയിൽ ആദ്യ പരിശോധനയ്ക്ക് പോകുമ്പോൾ പ്രിയ സഖാവിനൊപ്പം ഞാനും കോങ്ങാട് എംഎൽഎ സ. എസ്. ശാന്തകുമാരിയും ഉണ്ടായിരുന്നു. സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവാണ് വിടവാങ്ങുന്നത്. സഹിക്കാൻ പ്രയാസമുള്ള വിയോഗം. ആ ചിരി മനസ്സിൽ നിന്ന് മായില്ല പ്രിയ സഖാവേ..
റെഡ് സല്യൂട്ട്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി.
സഹോദര നിർവിശേഷമായ സ്നേഹത്തോടുകൂടി എല്ലാവരോടും പെരുമാറിപ്പോന്ന സ്നേഹസമ്പനയായ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീല. വിപ്ലവ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ജമീല വളരെ ആത്മാർത്ഥതയോടെയുള്ള പൊതുപ്രവർത്തനത്തിലൂടെ എല്ലാ രംഗത്തും ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയ നേതാവായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിൻറെ സാരഥി, പിന്നീട് കൊയിലാണ്ടി എംഎൽഎ എന്നിങ്ങനെ ജനപ്രതിനിധി, സിപിഐ (എം) നേതാവ് എന്നീ നിലകളിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ കാലത്തും ഓർമ്മിക്കപ്പെടും.
ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ ശക്തയായ ഒരു സഖാവിൻറെ വിയോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
