കോഴിക്കോട്/കണ്ണൂര്‍: സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും തുടരുന്നു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലും കണ്ണൂര്‍ ആലക്കോട് താളിപ്പാറയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശവും ഗതാഗത തടസ്സവും സംഭവിച്ചു. നിലവില്‍ ഇരുയിടങ്ങളിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടരഞ്ഞിയില്‍ ചെളിവെള്ളം കുത്തിയൊലിച്ചെത്തിയതിനെ തുടര്‍ന്ന് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ആലക്കോട് താളിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായി നശിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉദയഗിരി-താബോര്‍ റോഡ് പൂര്‍ണമായി അടയ്ക്കുകയും പ്രദേശത്തെ കുടുംബങ്ങളെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് വിലങ്ങാട് മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. വനത്തിനുള്ളില്‍ നിന്ന് വലിയ മരങ്ങള്‍ കടപുഴകി പുഴയിലൂടെ ഒഴുകിയെത്തുന്ന നിലയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിലങ്ങാട് ടൗണ്‍ പാലം വീണ്ടും മുങ്ങി. വിലങ്ങാട്ടെ അപകടസാധ്യതാ മേഖലകളില്‍ കഴിയുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മലയോര മേഖലയിലാകെ കനത്ത മഴ വന്‍ നാശനഷ്ടമാണ് വിതയ്ക്കുന്നത്. ഈങ്ങാപ്പുഴ, മുക്കം, വിലങ്ങാട് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. താമരശ്ശേരി ചുരത്തില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോര മേഖലയിലുടനീളം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
