സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൈ നഷ്ടമായ യുവാവിന് 1,40,34,550 രൂപയും 8 ശതമാനം പലിശയും നല്‍കാന്‍ കോടതി ഉത്തരവ്. വയനാട് എംഎസിടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
അമ്പലവയല്‍ സ്വദേശിയായ മുഹമ്മദ് അസ്ലം (19) ആണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. 2023 ജനുവരി 17ന് അമ്പലവയലില്‍നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മംഗലംകാപ്പ് സമീപത്ത് എതിരെ വന്ന വാഹനത്തിന് വഴിവിടുന്നതിനിടെ ബസ് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു. ഈ സമയത്ത് പുറത്തേക്ക് നീട്ടിയിരുന്ന അസ്ലത്തിന്റെ ഇടത് കൈ പോസ്റ്റില്‍ ഇടിച്ച് കൈമുട്ടിന് മുകളിലായി അറ്റുപോയി.
ബത്തേരിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ നല്‍കിയെങ്കിലും കൈ പുനഃസ്ഥാപിക്കാനായില്ല. ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്ന അസ്ലത്തിന്റെ ഭാവിയും മാനസികാവസ്ഥയും ഉള്‍പ്പെടെ പരിഗണിച്ചാണ് കോടതി നഷ്ടപരിഹാരം നിശ്ചയിച്ചത്. ബസിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം കെഎസ്ആര്‍ടിസി തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
