കാഞ്ഞങ്ങാട്: ബസ് യാത്രകള്‍ക്ക് പിന്നാലെ ട്രെയിനിലും വിമാനത്തിലും കപ്പലിലും കയറിയുള്ള വന്‍ ടൂര്‍ പാക്കേജുകളിലേക്ക് കെഎസ്ആര്‍ടിസി ചുവടുവെക്കുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പുറമെ ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തലത്തിലേക്കും വിനോദ സഞ്ചാരികളെ എത്തിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വരുമാന ഇടിവിന് ബദലായാണ് ഈ വിപുലീകരണം.
ഉടന്‍ തന്നെ ലക്ഷദ്വീപിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കും. കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും ലക്ഷദ്വീപില്‍ എത്തുന്ന തരത്തിലാണ് ഈ പാക്കേജുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ തമിഴ്നാട്, ഹൈദരാബാദ് പാക്കേജുകള്‍ ജൂണില്‍ ആരംഭിക്കും. കശ്മീര്‍ ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ ടൂര്‍ പാക്കേജുകള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കും.
2021-ല്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം പാക്കേജ് വലിയ സാമ്പത്തിക വിജയമാണ് നേടുന്നത്. ഓരോ വര്‍ഷവും വരുമാനപ്പട്ടിക കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 42 കോടി രൂപ ആയിരുന്നു. ഈ വര്‍ഷത്തെ വരുമാനം മെയ് 17 വരെ 23 കോടി രൂപ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മെയ് 17 വരെ 16 കോടി രൂപ മാത്രമായിരുന്ന സ്ഥാനത്താണ് ഇക്കുറി അഞ്ച് മാസം തികയും മുന്‍പേ 23 കോടി രൂപ കെ.എസ്.ആര്‍.ടി.സി. സ്വന്തമാക്കിയത്. ഗോവ, ഗവി, മൂന്നാര്‍, വയനാട്, കൊച്ചി കപ്പല്‍ശാല എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് വരുമാനം കൂട്ടാന്‍ പ്രധാനമായും സഹായിച്ചത്.
സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ 80 ഇടങ്ങളില്‍ നിന്നും നിലവില്‍ ടൂര്‍ പാക്കേജുകള്‍ ലഭ്യമാണ്. വോള്‍വോ, ഡീലക്‌സ് ബസുകളും ചെറിയ ദൂരങ്ങളിലേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഓരോ യാത്രയുടെയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഒരാഴ്ച മുന്‍പെങ്കിലും ബുക്കിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ചിലരെങ്കിലും ടൂര്‍ പാക്കേജ് ബുക്കിങ്ങില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം പത്ത് ദിവസം മുന്‍പേ ബുക്കിങ് പൂര്‍ണ്ണമായിരുന്ന സ്ഥാനത്ത്, ഇക്കുറി ഈ മാസം അവസാന വാരത്തിലെ പല യാത്രകള്‍ക്കും 50 ശതമാനത്തോളം സീറ്റുകള്‍ മാത്രമാണ് ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ബാക്കി സീറ്റുകളിലേക്ക് നിലവില്‍ ബുക്കിങ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
