കോഴിക്കോടിന്റെ സ്വപ്നപദ്ധതി; വരുമോ ലൈറ്റ് മെട്രോ, അതോ വീണ്ടും ചുവപ്പുനാടയിലോ?

JUNE 19, 2026, 9:44 PM

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരമായി ലൈറ്റ് മെട്രോ പദ്ധതിക്ക് ഒടുവിൽ വഴിതെളിയുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടിനും 20 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി സാധ്യതാപഠനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഏറെക്കാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന കോഴിക്കോടിന്റെ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.

പദ്ധതിക്കായി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (KMRL) രണ്ട് പ്രധാന റൂട്ടുകളാണ് നിലവിൽ നിർദ്ദേശിച്ചിട്ടുള്ളത്:

  1. വെസ്റ്റ്ഹിൽ - നടക്കാവ് - മീഞ്ചന്ത - ചെറുവണ്ണൂർ - രാമനാട്ടുകര (19 കിലോമീറ്റർ)
  2. ബീച്ച് - തൊണ്ടയാട് - മെഡിക്കൽ കോളേജ് (8.1 കിലോമീറ്റർ)

നിലവിലുള്ള നിർദ്ദേശങ്ങളിൽ സാധ്യതാപഠനം പൂർത്തിയാക്കിയ ശേഷമായിരിക്കും റൂട്ടുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

vachakam
vachakam
vachakam

ഇനി ഡി.പി.ആർ നടപടികളിലേക്ക്

ലൈറ്റ് മെട്രോയ്ക്കായി ഒന്നരവർഷം മുൻപ് കെ.എം.ആർ.എൽ തയ്യാറാക്കിയ സമഗ്ര മൊബിലിറ്റി പ്ലാനിന് സംസ്ഥാന സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ബജറ്റിൽ തുക വകയിരുത്തിയ പശ്ചാത്തലത്തിൽ, ഈ പ്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും. കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി ലഭിക്കുന്നതോടെ കെ.എം.ആർ.എലിന് വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കാൻ സാധിക്കും. പ്രാദേശിക ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് മുൻപ് തിരുവനന്തപുരം മെട്രോയ്ക്ക് മാത്രം നൽകിയിരുന്ന മുൻഗണന കോഴിക്കോടിനും ലഭ്യമാക്കാൻ സർക്കാർ തയ്യാറായത്.

മോണോറെയിലിൽ നിന്ന് ലൈറ്റ് മെട്രോയിലേക്ക്

vachakam
vachakam
vachakam

2011-ൽ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്റർ റൂട്ടിൽ മോണോറെയിൽ പദ്ധതിക്കായാണ് കോഴിക്കോട്ട് ആദ്യമായി നടപടികൾ തുടങ്ങിയത്. ആഗോള ടെൻഡർ വിളിച്ച് കമ്പനികൾ തയ്യാറായെങ്കിലും പിന്നീട് ലൈറ്റ് മെട്രോയാണ് കൂടുതൽ അനുയോജ്യമെന്ന് കണ്ട് ഡി.എം.ആർ.സി 2014-ൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്രത്തിന്റെ മെട്രോനയം മാറിയതിനെ തുടർന്ന് 2017-ൽ റിപ്പോർട്ട് വീണ്ടും പുതുക്കി. തുടക്കത്തിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ എതിർപ്പുകളും സർക്കാർ കാണിച്ച താല്പര്യക്കുറവും കാരണം ഡി.എം.ആർ.സിക്ക് പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടി വരികയും കോഴിക്കോട്ടെ ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്ര നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ മെട്രോ പദ്ധതികളുടെ ചുമതല കെ.എം.ആർ.എല്ലിനെ ഏൽപ്പിച്ചതും പദ്ധതിക്ക് ഇപ്പോൾ വീണ്ടും ജീവൻ വെച്ചതും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam