കോട്ടയം: കോട്ടയം മുളക്കുളം മൂർക്കാട്ടിപ്പടിയിലെ ഒരു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും നേരെ ഹോട്ടലുടമയുടെ അതിക്രമം. അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ പ്രവർത്തിച്ചതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് നേരെ ഉടമ ബെഞ്ചമിൻ പരസ്യമായി അസഭ്യവർഷവും ഭീഷണിയും മുഴക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തുമ്പോൾ അടുക്കളയും പരിസരവും കടുത്ത സുരക്ഷാ-ആരോഗ്യ ഭീഷണി ഉയർത്തുന്ന രീതിയിലാണ് കാണപ്പെട്ടത്.ചെളി നിറഞ്ഞ തറയും തീർത്തും വൃത്തീഹീനമായ അന്തരീക്ഷവുമായിരുന്നു അടുക്കളയിൽ.പാചകം ചെയ്യാനായി അരിഞ്ഞു വെച്ചിരുന്ന പച്ചക്കറികൾ കടുത്ത അഴുക്കുപിടിച്ച പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.ഭക്ഷ്യവസ്തുക്കൾ പലതും തുറന്നുവെച്ച നിലയിലായിരുന്നു.
തുറന്നുവെച്ച ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക് കവറുകളും പരിശോധിക്കുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലതയുടെ ചുറ്റും നടന്ന് ഉടമ ബെഞ്ചമിൻ അസഭ്യവർഷം നടത്തുകയായിരുന്നു. "വർഷങ്ങളായി ഞാനിത് തുടങ്ങിയിട്ട്... നിനക്കൊക്കെ പൂട്ടിക്കാനല്ലേ അറിയാവൂ, എന്റടുത്ത് കളിക്കാൻ വരരുത്..." എന്ന രീതിയിലായിരുന്നു ഉടമയുടെ ഭീഷണി.
ബെഞ്ചമിന്റെ കടുത്ത അസഭ്യവർഷവും ഭീഷണിയും ഉണ്ടായിട്ടും വനിതാ ഹെൽത്ത് ഇൻസ്പെക്ടർ പിന്മാറാൻ തയ്യാറായില്ല. അവർ ഹോട്ടലിൽ വിശദമായ പരിശോധന തുടരുകയും നിയമനടപടികൾക്കായി കൃത്യമായ തെളിവുകളും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്തു.
"മനുഷ്യന് കൊടുക്കാൻ തന്നെയല്ലേ ചേട്ടാ ഇതൊക്കെ ഉണ്ടാക്കുന്നത്? വേസ്റ്റ് ഇടുന്ന പാത്രം പോലും ഞങ്ങളൊക്കെ കഴുകി വയ്ക്കും. എത്ര അഴുക്കുപിടിച്ച പാത്രത്തിലാണ് ഈ പച്ചക്കറി വച്ചിരിക്കുന്നത്! എന്ത് വൃത്തികേടാണിത്?" എന്ന് ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാർക്ക് മറുപടിയുണ്ടായില്ല.
ഒപ്പമുണ്ടായിരുന്ന മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാർ അടുക്കളയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോഴും ഉടമ തട്ടിക്കയറുകയും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ ഉദ്യോഗസ്ഥയെ അപമാനിക്കുകയും ചെയ്ത ഹോട്ടലുടമയ്ക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് ആരോഗ്യവകുപ്പ് നീങ്ങുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
