 
            -20251031104935.jpg) 
            
ആലപ്പുഴ : അതിദാരിദ്ര്യമുക്ത കേരളം പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്, സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ ജൻഡർ പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യമുക്തമാക്കുക എന്ന ക്ലേശകരമായ പ്രവര്‍ത്തിയാണ് കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ജനകീയ പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളിലെ അതിദരിദ്രരെ കണ്ടെത്തി സംസ്ഥാനത്തെ 64006 കൂടുംബങ്ങളെയാണ് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. മൂന്ന് നേരം ഭക്ഷണം കഴിക്കാത്തവര്‍ ഇന്ന് കേരളത്തിലില്ല. രാജ്യത്ത് കോടിക്കണക്കിന് അതിദരിദ്രരുള്ളപ്പോഴാണ് കേരളം ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
വികസനമെന്നാല്‍ റോഡും പാലവും കെട്ടിടങ്ങളും നിര്‍മ്മിക്കുക മാത്രമല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ്. പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനേക്കാളും വലിയ പുണ്യപ്രവര്‍ത്തിയൊന്നുമില്ല. കഴിഞ്ഞദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള മന്ത്രിമാരുമായി സംസാരിച്ചു. ഇത്രയും സൂക്ഷ്മമായി രാജ്യത്ത് അതിദരിദ്രരുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് അവര്‍ കേരളത്തെ അഭിനന്ദിച്ചത്. എല്ലാ രംഗത്തും കേരളം ഇന്ന് രാജ്യത്ത് ഒന്നാമതാണ്. ഈസ് ഓഫ് ഡ്യൂയിങ് ബിസിനസില്‍ നമ്മള്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. എന്റെ വകുപ്പുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സ്റ്റേറ്റായി തിരഞ്ഞെടുക്കപ്പെട്ടത് കേരളമാണ്.
പ്രവര്‍ത്തിച്ച് കാണിക്കാന്‍ കഴിവുള്ള ഒരു സര്‍ക്കാറും മുഖ്യമന്ത്രിയുമാണ് ഇവിടെയുള്ളതൊന്നും വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ കഴിവുള്ള സര്‍ക്കാരിനെ ജനങ്ങള്‍ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ ജില്ലയിലെ 3311 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞതായും ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ തദ്ദേശസ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പദ്ധതി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും ശ്രമഫലമായാണ് പൂര്‍ത്തിയാക്കിയത്.
ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 3311 കുടുംബങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകി അവരെ അതിദാരിദ്ര്യമുക്തരാക്കി. ഭക്ഷണം, സുരക്ഷിത വാസസ്ഥലം, തൊഴിൽ, ആരോഗ്യപരിചരണം, അവകാശരേഖകൾ, ഉപജീവനമാർഗം എന്നിവയൊരുക്കിയാണ് ദൗത്യം പൂർത്തികരിച്ചത്. അതിദാരിദ്ര്യ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ജില്ലയിലെ 145 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിക്കുന്നതിന് ഭൂമി വാങ്ങി നല്‍കുകയും 274 പേർക്ക് പുതിയ വീട് നിർമ്മിച്ചു നല്‍കുകയും 50 കുടുംബങ്ങൾക്ക് പുനര്‍ഗേഹം ഫ്ലാറ്റില്‍ വീട് ലഭ്യമാക്കുകയും 404 കുടുംബങ്ങൾക്ക് വീട് പുനരുദ്ധാരണത്തിന് സഹായം നല്‍കുകയും ചെയ്തു.
വീടും വസ്തുവും ആവശ്യമുണ്ടായിരുന്ന ജില്ലയില്‍ 195 അതിദരിദ്ര കുടുംബങ്ങളില്‍ 145 പേര്‍ക്കും ഭൂമി ലഭ്യമാക്കി വീട് അനുവദിച്ചിട്ടുണ്ട്. ഇവരില്‍ 54 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 91 പേര്‍ വീട് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ബാക്കി 50 പേര്‍ക്കാണ് പുനര്‍ഗേഹം ഫ്ലാറ്റ് അനുവദിച്ചത്. കായംകുളം മുനിസിപ്പാലിറ്റി 26, മാവേലിക്കര മുനിസിപ്പാലിറ്റി 10, ആലപ്പുഴ മുനിസിപ്പാലിറ്റി 3, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 5, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് 2, പുറക്കാട് ഗ്രാമ പഞ്ചായത്ത് 2, അരൂർ, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ ഓരോ കുടുംബങ്ങൾക്കുമാണ് പുനർഗേഹം ഫ്ലാറ്റ് അനുവദിച്ചത്. ഈ ഫ്ലാറ്റിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
വരുമാനം ആവശ്യമായ കുടുംബങ്ങൾക്ക് കുടുംബശ്രീ വഴി ഉജ്ജീവനം പദ്ധതിയിലൂടെ സ്വയം സഹായ സംരംഭങ്ങള്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പെട്ടിക്കട, ലോട്ടറി കിയോസ്കുകൾ, പൗൾട്ടറി ഫാം, പശു വളർത്തൽ തുണിക്കട തുടങ്ങി വിവിധ മർഗത്തിലുള്ള ഉപജീവന മർഗങ്ങൾ ആണ് കുടുംബശ്രീ ഒരുക്കി നല്കിയത്. ആലപ്പുഴ ജില്ലയിൽ തന്നെ ഇവർക്ക് 1.25 കോടി രൂപയുടെ ധനസഹായം നല്കിയിട്ടുണ്ട്.
ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളില്‍ 1269 പേര്‍ക്ക് വിവിധ അവകാശ രേഖകളില്ലാത്തവരും വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ അംഗത്വവുമില്ലാത്തവരുമായിരുന്നു. വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ക്കെല്ലാം തന്നെ അവകാശ രേഖകളും സാമൂഹ്യ സുരക്ഷ പെന്‍ഷനും ലഭ്യമാക്കി. 204 പേർക്ക് വോട്ടേഴ്സ് ഐ.ഡി. കാര്‍ഡും 209 പേർക്ക് ആധാര്‍ കാര്‍ഡും 141 പേർക്ക് തൊഴില്‍ കാര്‍ഡും 180 പേർക്ക് റേഷന്‍ കാര്‍ഡും 274 പേർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും രണ്ടു പേർക്ക് ട്രാന്‍സ്ജെന്റേഴ്സ് ഐഡി കാര്‍ഡും ലഭ്യമാക്കി.
146 പേർക്ക് സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ അനുവദിച്ചു. 114 പേർക്ക് കുടുംബശ്രീ അംഗത്വം പുതുതായി നല്‍കി. 4 കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷനും ഒരു കുടുംബത്തിന് വസ്തു കൈവശരേഖയും നൽകി. 5 പേർക്ക് വീട് വയറിങ് ചെയ്തു നൽകി. 97 പേർക്ക് പാകം ചെയ്ത ഭക്ഷണവും 1116 പേർക്ക് ഭക്ഷ്യകിറ്റും 1633 പേർക്ക് മരുന്നും ലഭ്യമാക്കി. 283 പേർക്ക് പാലിയേറ്റീവ് കെയര്‍ സേവനം ലഭ്യമാക്കുന്നുണ്ട്. 13 പേർക്ക് ആരോഗ്യ സുരക്ഷ ഉപകരണങ്ങളും നൽകി.
ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് പ്രത്യക സർക്കാർ ഉത്തരവ് പ്രകാരം വീടിനടുത്ത് തന്നെ തുടർപഠനത്തിന് അവസരം നൽകിയിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങളില്‍പ്പെട്ട 39 കുട്ടികളുടെ പഠനാവശ്യയാത്ര കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകളിൽ സൗജന്യമാക്കി യാത്രാപാസുകളും നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
