തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ.
നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്.
പൊതു മാനദണ്ഡങ്ങൾ
1. അപേക്ഷകർ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നും തന്നെ ഗുണഭോക്താക്കൾ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [AAY - മഞ്ഞ കാർഡ് മുൻഗണനാ വിഭാഗത്തിലും [PHH - പിങ്ക് കാർഡ്) ഉൾപ്പെടുന്നവരുമായ 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾ ആയിരിക്കണം.
2. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.
4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000/- രൂപ (ആയിരം രൂപ) ആയിരിക്കും.
5. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസ്, കേന്ദ്ര/സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, പദ്ധതികൾ, സർവ്വകലാശാലകൾ, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ സ്ഥിരം/കരാർ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.
7. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള റേഷൻ കാർഡുകൾ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി അനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകുന്നതാണ്.
8. ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്കേണ്ടതാണ്.
10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ അഭാവത്തിൽ മാത്രം വയസ് തെളിയിക്കുന്നതിന് മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായിഉപയോഗിക്കാവുന്നതാണ്.
12. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്നും ഇത്തരത്തിൽ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.
13. ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
