രാജ്യത്ത് പരോക്ഷ നികുതി സംവിധാനത്തിൽ പുത്തൻ മാറ്റങ്ങൾ ആവിഷ്‌കരിച്ചു കൊണ്ട് കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഓഗസ്റ്റ് 1 മുതൽ ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. ഇന്ത്യയിൽ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയും, ടാക്‌സ് പേയറും മുഖാമുഖം കാണാതെ, മുഴുവൻ പ്രക്രിയകളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും, ഇ-കമ്മ്യൂണിക്കേഷനിലൂടെയും നടക്കുന്ന സുതാര്യമായ നികുതി നിർണ്ണയ സംവിധാനമാണ് ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ.
ഇതിൻറെ ഭാഗമായി ടാക്‌സ് പേയറിന് ഷോ കോസ് നോട്ടീസ് (SCN) ലഭിക്കൽ മുതൽ അതിന്റെ മറുപടി സമർപ്പിക്കൽ, ഹിയറിങ്, വെർച്യുൽ/ രേഖാമൂലമുള്ള സമർപ്പണം, ഫൈനൽ ഓർഡർ പുറപ്പെടുവിക്കൽ തുടങ്ങിയ എല്ലാ നടപടികളും ഓൺലൈൻ ആയിരിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഓഡിറ്റ് വിഭാഗം നൽകുന്ന കാരണം കാണിക്കൽ നോട്ടീസുകളിന്മേൽ ആഗസ്റ്റ് 1 മുതൽ വിധിനിർണ്ണയം നടത്തുന്നത് വകുപ്പിലെ, മുൻകൂട്ടി തീരുമാനപ്പെടുത്തിയിട്ടില്ലാത്ത, ഒരു നികുതി നിർണ്ണയ ഉദ്യോഗസ്ഥൻ ആയിരിക്കും. ആദ്യഘട്ടത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.
നീതിയുക്തവും, വസ്തുനിഷ്ഠവുമായ നികുതി നിർണ്ണയം ഉറപ്പാക്കുകയും, ഭൗതിക വിധിനിർണ്ണയ നടപടികളുടെ പ്രവർത്തനത്തിലെ ചില പോരായ്മകൾ, വിധിനിർണ്ണയ നടപടികളിലെ വ്യക്തിനിഷ്ഠത, രേഖാമൂലമുള്ള സമർപ്പണങ്ങൾ പരിഗണിക്കാതിരിക്കൽ, നികുതിദായകർക്ക് മറുപടി സമർപ്പിക്കുന്നതിന് അവസരങ്ങൾ നൽകാതിരിക്കൽ തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അതോടൊപ്പം മാറുന്ന സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നികുതി ഭരണത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന് സർക്കാരിന്റെ പ്രഖ്യാപിത നയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിലൂടെ സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനും സഹായകമാകും.
നികുതിദായകന് വകുപ്പിന്റെ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യവും ഇതിലൂടെ ഒഴിവാകും. നികുതി നിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട കാരണംകാണിക്കൽ നോട്ടിസുകളിന്മേൽ നികുതിദായകന്റെ ഭാഗം കേൾക്കുന്നത്, നിലവിലുള്ള ഏതെങ്കിലും ഓൺലൈൻ മീറ്റിങ് പ്ലാറ്റ് ഫോമുകൾ വഴി ''ഒരു ഫേസ് ലെസ്സ് അഡ്ജുഡിക്കേറ്റിംഗ് അതോർറ്റി'' ആയിരിക്കും. നികുതിദായകർക്ക് അവരുടെ ഭാഗം ന്യായീകരിക്കുവാനുള്ള രേഖകൾ സമർപ്പിക്കുവാൻ ജി.എസ്.ടി കോമൺ പോർട്ടൽ ഉപയോഗിക്കുകയും ചെയ്യാം. ഇത് വഴി നികുതിദായകർക്ക് സമയം ലാഭിക്കുവാനും തങ്ങളുടെ ഭാഗം കൃത്യമായി കേട്ടുവെന്ന് ഉറപ്പാക്കുവാനും സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്