തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കാതെയാണ് മന്ത്രി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്.
കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്‍റെ പാർട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നു പറഞ്ഞ മന്ത്രി സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു.
കേരള സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് പണം ചിലവഴിച്ച് 52 വാഹനങ്ങൾ വാങ്ങുകയും അത് കനകക്കുന്ന് കൊട്ടാരത്തിന്‍റെ മുറ്റത്ത് നിര്‍ത്തിയിട്ട് മനോഹരമായി ഈ പരിപാടി നടത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചില്ല. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കും. മറ്റൊരു ദിവസം പരിപാടി നടക്കും എന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
'എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്. എല്ലാ വണ്ടിയും ഇവിടെ നിരത്തിയിടണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും', എന്ന് മൈക്കിലൂടെ അറിയിച്ചാണ് മന്ത്രിയുടെ ഇറങ്ങിപ്പോക്ക്. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്