കണ്ണൂർ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. 2024 ജൂലായിലാണ് തൊണ്ടയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ കണ്ണൂർ സ്വദേശിയായ സൂര്യജിത്ത്(17) മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലാണ് കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ടാംനാൾ രക്തം ഛർദിച്ച് അവശനിലയിലായി. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോഗ്യനില ഗുരുതരമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും നടന്നു. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ഡിഎംഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോർട്ട്. എന്നാൽ, ഇതേ ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കോ ചികിത്സ നൽകുന്നതിലോ വീഴ്ചയില്ലെന്നും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മരണത്തിൽ ആരോഗ്യ, പൊലീസ് സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. മാത്രമല്ല, കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രിയ ഇഎൻടി ക്ലിനിക്കിനും ഇവിടെനിന്നുള്ള നിർദേശപ്രകാരം കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ഹോസ്പിറ്റലിനും ആ സമയത്ത് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
