വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ വിവാദമായ സ്‌ക്രീൻഷോട്ട് ലഭിച്ചത് ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി റിപ്പോർട്ട്. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് നൽകിയതെന്നാണ് വിവരം.
ഗ്രൂപ്പിന്റെ അഡ്മിനായ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസ് ഏറ്റെടുത്തതിന് പിന്നാലെ തന്നെ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
റിബേഷ് രാമകൃഷ്ണന് സ്‌ക്രീൻഷോട്ട് ലഭിച്ചത് ജിതിൻ ഭാസ്‌കറിലൂടെ ‘വടകര സ്‌ക്വാഡ്’ ഗ്രൂപ്പ് വഴിയാണെന്ന സംശയമാണ് പുതിയ മൊഴിയിലൂടെ കൂടുതൽ ശക്തമായിരിക്കുന്നത്. എന്നാൽ വിവാദ സ്‌ക്രീൻഷോട്ടിന്റെ യഥാർത്ഥ ഉറവിടം ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഇപ്പോൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ റിബേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ചുവരുത്തുമെന്നും പൊലീസ് സൂചിപ്പിച്ചു.
മറ്റ് ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരെയും, ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ പ്രവർത്തകരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ മെറ്റ നൽകുന്ന വിവരങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. സ്‌ക്രീൻഷോട്ട് എവിടെ സൃഷ്ടിക്കപ്പെട്ടതാണെന്നതടക്കമുള്ള വിശദാംശങ്ങൾ തേടി മെറ്റയ്ക്ക് നോട്ടീസ് നൽകാനും പൊലീസ് തയ്യാറെടുക്കുകയാണ്.
റിബേഷ് രാമകൃഷ്ണനിലെത്തി അന്വേഷണം നിലച്ചുവെന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷാണെന്ന് പൊലീസ് മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും അത് അദ്ദേഹത്തിന് ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നു.
അതേസമയം, ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഇനി ലഭിക്കാനുണ്ട്. ജിതിൻ ഭാസ്‌കറിന്റെ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മെറ്റയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കൂടി പരിശോധിച്ച ശേഷമേ കേസിൽ വ്യക്തമായ നിഗമനത്തിലെത്താനാകൂവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
