തിരുവനന്തപുരം: വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി പുതിയ സർക്കാർ മാറുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“കേരളം വലിയ പ്രതീക്ഷയോടെയാണ് ഈ സർക്കാരിനെ കാണുന്നത്. ജനങ്ങളുടെ മനസിനൊപ്പം നിന്നുള്ള ഭരണം പുതിയ സർക്കാർ കാഴ്ചവെക്കും,” എന്ന നിലപാടാണ് രാഹുല്‍ മാങ്കൂട്ടത്തിൽ പങ്കുവെച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിനുള്ളിൽ ശക്തമായ ചർച്ചകളും നേതൃത്വ തർക്കങ്ങളും നടന്നിരുന്നു. ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം വന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്‍റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ, ഭീകരവാദികളെ പോലെ വീടുകളിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരപരാധികൾ, ഒരു സ്ഥാനവും പ്രതിഫലവും പ്രതീക്ഷിക്കാതെ വീടുവീടാന്തരം കയറി ജനാധിപത്യത്തിനായി വോട്ട് അഭ്യർത്ഥിച്ച പ്രവർത്തകർ, അവരുടെ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം. അവരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സർക്കാരായി രൂപം കൊണ്ടിരിക്കുന്നു. ആ സർക്കാരിനെ നയിക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് ശ്രീ. വി ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നു. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
