കണ്ണൂര്‍: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്ന് സൂചന. ശനിയാഴ്ച പുലര്‍ച്ചെ 1.51-ഓടെ ഉഗ്ര സ്ഫോടനം കേട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. നോക്കുമ്പോള്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. നിലവില്‍ പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.
സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പൊട്ടാത്ത സ്ഫോടക വസ്തുക്കളും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരാണ് ഈ വീട്ടില്‍ വന്നുപോയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയാണ് ഇവര്‍ എത്താറുള്ളത്. പുലര്‍ച്ചെയോടെ മടങ്ങാറാണ് പതിവ്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തതെന്ന് പ്രദേശവാസി പറയുന്നു.
ശബ്ദം കേട്ട് നോക്കുമ്പോള്‍ വീട് തകര്‍ന്നതാണ് കാണുന്നതെന്നും അകത്ത് കയറി നോക്കിയപ്പോള്‍ ഒരു മൃതദേഹം കണ്ടുവെന്നും നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചു. മൃതദേഹത്തിന്റെ കാല്‍ മാത്രമാണ് പുറത്തുകാണുന്നതെന്നും ശരീരം മുഴുവന്‍ വീടിന്റെ അവശിഷ്ടങ്ങളാല്‍ മൂടിയിരിക്കുകയാണെന്നും ഇയാള്‍ വ്യക്തമാക്കി. വീടിന് സമീപത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്