കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ സമർപ്പിച്ച ഹർജിയെ ഹൈക്കോടതി ദേവസ്വം ബെഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചു. സംഭവത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോടതി വാക്കാൽ വിമർശിച്ചു. ഹർജിയുടെ ലക്ഷ്യം കേസിലെ പ്രതികളെ സംരക്ഷിക്കാനാണോയെന്നും ബെഞ്ച് ചോദിച്ചു.
ഇതുവരെ പത്ത് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ച കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ ആവശ്യകത എന്താണെന്ന് കോടതി ചോദിച്ചു. കേസിലെ എല്ലാ പ്രതികളും നിരപരാധികളാണെന്ന നിലപാടാണോ ഹർജിക്കാരുടേതെന്നും ബെഞ്ച് ചോദിച്ചു. സമാന ആവശ്യങ്ങൾ ഉന്നയിച്ച മറ്റ് ഹർജികളോടൊപ്പം പരിഗണിക്കുന്നതിനായി കേസ് ഫെബ്രുവരി നാലിലേക്ക് മാറ്റി. ഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തെയും (SIT) മറ്റ് എതിർകക്ഷികളെയും മറുപടി നൽകാൻ കോടതി നിർദേശിച്ചു.
അഖില തന്ത്രി പ്രചാരക് സഭയുടെ ചെയർമാൻ എം. എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി അടക്കമുള്ളവരാണ് ഹർജി സമർപ്പിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിലെ എസ്‌ഐടി അന്വേഷണം ഫലപ്രദമല്ലെന്നും, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യം.
‘വാജിവാഹനം’ തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ നിലവിലെ കേസുമായി ബന്ധിപ്പിച്ച് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും ഹർജിയിൽ പറയുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും, രാജ്യാന്തര ബന്ധങ്ങൾ ഉണ്ടെന്നതിനാൽ എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നുമാണ് വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
