കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതു കാണാൻ അച്ഛന് പരോൾ. വധശ്രമക്കേസിൽ തടവുശിക്ഷ നേരിടുന്ന പിതാവിന് അഞ്ച് ദിവസത്തെ പരോളാണ് ഹൈക്കോടതി അനുവദിച്ചത്.
ഈ മാസം 11, 12 തീയതികളിലാണ് മകളുടെ എൻറോൾമെന്റ്. വെള്ളിയാഴ്ച മുതൽ 14 വരെയാണ് പിതാവിന് പരോൾ ലഭിച്ചത്.
മലപ്പുറം സ്വദേശിയായ 50കാരനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഞ്ച് ദിവസത്തെ താത്കാലിക പരോൾ നൽകിയത്. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യ വ്യവസ്ഥയിലുമാണ് പരോൾ അനുവദിച്ചത്. പരോൾ അപേക്ഷ ജയിൽ അധികൃതർ നിരസിച്ചതിനെത്തുടർന്ന് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
പരോൾ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ല. പരോളിന് പ്രഥമദൃഷ്ട്യാ ഹർജിക്കാരൻ അർഹനല്ലെന്നും എന്നാൽ മക്കളുടെ കണ്ണിലൂടെയാണ് കോടതി വിഷയം പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. ഹർജിക്കാരൻ ശിക്ഷ അനുഭവിക്കുന്ന തടവുകാരനാണ്. സമൂഹം കുറ്റവാളിയായി കാണുന്ന ആളുമാണ്. എന്നാൽ അച്ഛൻ മക്കൾക്ക് ഹീറോ തന്നെയായിരിക്കുമെന്ന് പരോൾ വിധിക്ക് പിന്നാലെ കോടതി പറഞ്ഞു.
ഒരു മകളുടെ വികാരത്തിനുമുന്നിൽ കോടതിക്ക് കണ്ണടയ്ക്കാനാകില്ല. അഭിഭാഷകയാകാൻ പോകുന്ന പെൺകുട്ടി പിതാവിന്റെ സാന്നിധ്യത്തിൽ എൻറോൾ ചെയ്യട്ടെ. എന്നാൽ ഇതൊരു കീഴ്വഴക്കമായി കാണരുത്. പരോൾ അനുവദിക്കുന്നത് സവിശേഷ സാഹചര്യം കണക്കിലെടുത്താണെന്നും കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
