തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിനൊപ്പം രൂക്ഷമായ മഴക്കെടുതി ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോട്ടയം കുറിച്ചിയില്‍ വീട് ഇടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിൻ്റെ ഭിത്തിയും മതിലും അടക്കം ഇടിഞ്ഞുവീണു. ആറുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോട്ടയം ജില്ലയില്‍ രണ്ടുദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമുണ്ടായി. മെയ് 24 മുതല്‍ പെയ്ത കാറ്റിലും മഴയിലും 534 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ആണ് ഭാഗികമായ നാശനഷ്ടമുണ്ടായത്. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ടുക്കിയിലും തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ഖനനം, തോട്ടം മേഖലയിലെ ജോലികള്‍ എന്നിവയ്ക്ക് നിരോധനം തുടരുന്നു. പൊന്‍മുടി, കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്ന് വെളളം ഒഴുക്കുന്നത് തുടരുകയാണ്.
കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ ശക്തമായ കാറ്റ് വീശി. പലയിടങ്ങളിലും മരം കടപുഴകി വീണു. അടുക്കത്ത് നീളംപാറ കമലയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കണ്ണൂരിൽ ശക്തമായ മഴ തുടരുന്നു. ആറളം കക്കുവാപുഴയിലും ബാവലിപ്പുഴയിലും കുത്തൊഴുക്ക് ശക്തമായതോടെ പുനരധിവാസ മേഖലയിൽ വെള്ളം കയറി. ബ്ലോക്ക് 13, 11 എന്നിവിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാൽ തലപ്പുഴ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. മക്കിമലയിൽ കാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് സംശയം. പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്