തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നതിന് വേണ്ടിയാണ് എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപി ഐയുടെ എതിർപ്പിനെ പോലും അവഗണിച്ച് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കമെന്ന് മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസൻ.
ആടിനെ പച്ചില കാണിച്ച് കശാപ്പുകാരൻ അറവുശാലയിലേക്ക് നയിക്കുന്നത് പോലെയാണ് കേന്ദ്രഫണ്ട് കാട്ടിയുള്ള പ്രലോഭനം. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാനാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ശ്രമിക്കുന്നത്. നമ്മുടെ ഭാവി തലമുറയോടുള്ള അനീതിയാണിത്. പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ അധ്യാപകരുടെ കുടിശ്ശിക തീർക്കാനും മറ്റു ചെലവുക്കുമായി ഈ ഫണ്ട് പ്രയോജനപ്പെടുത്താനാണ് ഇപ്പോൾ എല്ലാ എതിർപ്പിനെയും അവഗണിച്ച് മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിച്ച് പിഎം ശ്രീ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ നടത്തുന്ന നീക്കം. ഇതിനെ കേരളത്തിലെ വിദ്യാഭ്യാസ സമൂഹവും ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി എതിർക്കും.
ബിജെപിയെ പിണക്കാതിരിക്കാനാണ് സിപിഎം ശ്രമം.സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തർധാര ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി കൂടിയാണിത്.ബിജെപിയേയും കേന്ദ്രസർക്കാരിനെയും പ്രീണിപ്പിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമാണ്. അതിന് വിദ്യാഭ്യാസ മന്ത്രി വഴങ്ങരുത്. ആദ്യം എതിർപ്പറിയിച്ച വിദ്യാഭ്യാസ മന്ത്രിയെ ഇപ്പോൾ മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്ന് മുക്കുകയറിട്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന സിപി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണത്തെ പോലും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിക്കുകയാണ്. സിപി ഐ അവരുടെ എതിർപ്പുകൾ അവസാനിപ്പിക്കുമെന്നാണ് പറയുന്നത്. ഫണ്ട് ലഭിക്കാൻ വേണ്ടി ഏത് ആദർശവും സിപിഎം ബലികഴിക്കും.
ബിജെപി ഇതര സർക്കാർ ഭരിക്കുന്ന കർണ്ണാടകയിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ കാവിവത്കരണ നയങ്ങളെയും അശാസ്ത്രീയ നിർദ്ദേശങ്ങളെയും പൂർണ്ണമായും തള്ളിക്കളഞ്ഞാണ് അവിടെ സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കിയത്. എൽഡിഎഫ് സർക്കാർ അത് കണ്ടില്ലേ? ആ മാതൃക പിന്തുടരാൻ കേരള മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമുണ്ടോ ? കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ തമിഴ്‌നാട് സർക്കാർ നടത്തുന്ന നിയമപോരാട്ടത്തിന്റെ സമാനരീതിയിൽ കേരളവും നീങ്ങണമെന്നാണ് സിപി ഐ മന്ത്രി കെ.രാജൻ പറഞ്ഞത്. അത്തരം ഒരു ആർജ്ജവം കാട്ടാൻ എന്തുകൊണ്ട് പിണറായി സർക്കാർ തയ്യാറാകുന്നില്ലെന്നും ഹസൻ ചോദിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഫണ്ടുകൾ വകമാറ്റി നിത്യനിദാന ചെലവുകൾക്ക് ഉപയോഗിക്കുന്നതാണ് പിണറായി സർക്കാരിന്റെ ശൈലി. ആർഎസ്എസ് അജണ്ട ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയം അംഗീകരിച്ചാൽ മാത്രമെ ഫണ്ട് അനുവദിക്കുവെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അധികാരദുർവിനിയോഗം നടത്തുകയാണ്. പിഎം ശ്രീ പദ്ധതിയിലെ കാവിവത്കരണ നിർദ്ദേശങ്ങൾ കേരളത്തിന്റെ ഭാവിതലമുറയേയും വിദ്യാഭ്യാസ സമ്പ്രദായത്തേയും തകർക്കുന്നതാണ്. അത് അംഗീകരിക്കാനാവില്ലെന്നും ഹസൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്