വെള്ളിയാമറ്റത്തു പൂത്തുലഞ്ഞ് നന്മമരങ്ങൾ

JANUARY 3, 2024, 9:22 PM

പകയുടെയും വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും അസമാധാനത്തിന്റെയും കാലത്ത് മനുഷ്യനന്മയുടെ നേരിയ പ്രകാശരേണുക്കൾപോലും വലിയ ആശ്വാസമാണ്. രാഷ്ട്രീയത്തിന്റെ വിദ്വേഷപ്പുക പരന്നു ശ്വാസം മുട്ടിയ നവവൽസര വേളയിൽ തൊടുപുഴയ്ക്കു സമീപം വെള്ളിയാമറ്റത്ത് നന്മമരങ്ങൾ പൂത്തുലയുന്നതു കണ്ട് ആത്മ നിർവൃതിയടയാൻ കേരളത്തിനു കൈവന്ന ഭാഗ്യം പ്രതീക്ഷാ നിർഭരം തന്നെ. നന്മയുടെ നറുമലരുകൾ എവിടെ വിടർന്നാലും അത് നാട്ടിലാകെ സൗരഭ്യം പരത്തും. നാടാകെ വിടരട്ടെ, ആ നന്മപ്പൂക്കൾ.

അച്ഛന്റെ അകാല നിര്യാണത്തെത്തുടർന്ന് കുടുംബത്തിന്റെ ഉപജീവനമാർഗം അടഞ്ഞോടെ അതിജീവനത്തിനായി പശുവളർത്തൽ ഏറ്റെടുത്ത പത്താം ക്ലാസ് വിദ്യാർഥിയുടെ കഥ ഈ ദിവസങ്ങളിൽ കേരളം ഏറെ അഭിമാനത്തോടെയാണു കേട്ടത്. മാത്യു ബെന്നി എന്ന പതിനഞ്ചുകാരൻ താൻ അരുമകളായി വളർത്തിയ പശുക്കളും മൂരിയും ഉൾപ്പെടെ പതിമൂന്നു വളർത്തുമൃഗങ്ങൾ ഭക്ഷ്യവിഷബാധയേറ്റു ചത്തുവീണപ്പോൾ ആകെ തളർന്നുപോയി. കുടുംബത്തിന്റെ വരുമാന മാർഗമായിരുന്ന പശുക്കൾ നഷ്ടപ്പെട്ടതു സഹിക്കാൻ ആ കുടുംബത്തിനും കഴിഞ്ഞില്ല. തളർന്നുവീണുപോയി അവർ.

വിവരം പുറം ലോകം അറിഞ്ഞതോടെ സഹതാപവും സഹായവുമായി ആളുകൾ മാത്യുവിന്റെ വീടു തേടിയെത്തി. നടൻ ജയറാം വീട്ടിലെത്തി സഹായധനം നൽകുക മാത്രമല്ല, തനിക്കും ഇതുപോലുള്ള അനുഭവം മുമ്പ് ഉണ്ടായതു പങ്കുവച്ചു മാത്യുവിനെ ആശ്വസിപ്പിക്കുകയും പശുവളർത്തലിനു വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ജയറാമിന്റെ കുറെ കന്നുകാലികളും ഇതേപോലെ തീറ്റ തിന്നശേഷം വിഷബാധയേറ്റു ചത്തുപോയിരുന്നു. അന്നു തന്റെ കുടുംബത്തിനുണ്ടായ മനോവിഷമവും ജയറാം പങ്കുവച്ചു. കാർഷികവൃത്തിയോട് ഏറെ താത്പര്യം കാണിക്കുകയും ആ രംഗത്തു വലിയ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നയാളാണു ജയറാം.

vachakam
vachakam
vachakam

മൂന്നു വർഷം മുമ്പാണ് മാത്യുവിന്റെ പിതാവ് ബെന്നി മരിച്ചത്. കുടുംബം പുലർത്താൻ പശു വളർത്തൽ തുടരുകയല്ലാതെ മറ്റു മാർഗമൊന്നുമുണ്ടായിരുന്നില്ല. പന്ത്രണ്ടുകാരനായ മാത്യു സധൈര്യം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. അമ്മയും അനുജത്തിയും സഹോദരനും ഒപ്പം നിന്നു. പുലർച്ചെ നാലിന് എഴുന്നേറ്റ് തൊഴുത്തു കഴുകി വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചു കറവയും കഴിഞ്ഞാണ് അറക്കുളത്തുള്ള സ്‌കൂളിൽ മാത്യു പോയിരുന്നത്. ഈ കുഞ്ഞു ക്ഷീരകർഷകന്റെ ഉത്സാഹവും ഉത്തരവാദിത്വവും നാട്ടുകാർക്കും കൗതുകമായിരുന്നു.

കാലികൾക്കു തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷാംശമാണ് കന്നുകാലികൾ കൂട്ടത്തോടെ ചാകാൻ കാരണമായതെന്നു ചീഫ് വെറ്ററിനറി സർജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കന്നുകാലികൾക്കു കപ്പത്തൊലി നൽകിയത്. അര മണിക്കൂറിനുള്ളിൽ പശുക്കൾ ഒരോന്നായി തൊഴുത്തിൽ തളർന്നുവീണു. മരണവെപ്രാളം കാണിച്ച കന്നുകാലികളെ അഴിച്ചുവിട്ടതോടെ അവയിൽ ചിലത് ഇറങ്ങിയോടി ചത്തുവീണു. കണ്ടുനിന്ന കുടുബാംഗങ്ങളെല്ലാം തളർന്നുപോയി. അവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

മാത്യുവിന്റെ വീടിനു സമീപം കപ്പ ഉണക്കുന്ന സ്ഥലമുണ്ട്. അവിടെ നിന്നു കൊണ്ടുവരുന്ന കപ്പത്തൊലി ഉണക്കി കന്നുകാലികൾക്കു നൽകിയിരുന്നു. പതിവായി നൽകുന്ന ഈ തീറ്റ ഇതിനുമുമ്പു വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണു മാത്യുവിന്റെ അമ്മ ഷൈനി പറയുന്നത്. ചില സസ്യങ്ങളിൽ സയനൈഡിന്റെ സാന്നിധ്യമുണ്ട്. മരച്ചീനി ഇലയിലും തണ്ടിലും കപ്പത്തൊണ്ടിലുമൊക്കെ ഇതിന്റെ അംശമുണ്ടാകും. പറമ്പിലും മറ്റും അഴിച്ചുവിടുന്ന വളർത്തമൃഗങ്ങൾക്ക് ഇതുപോലുള്ള വിഷബാധ ഉണ്ടാകാറുണ്ട്. സയനൈഡ് വിഷബാധ നിർവീര്യമാക്കാനുള്ള കുത്തിവയ്പുണ്ട്. തക്ക സമയത്ത് അതു ലഭ്യമാക്കിയാൽ മൃഗങ്ങളെ ജീവനാശത്തിൽനിന്നു രക്ഷിക്കാനാവും. കന്നുകാലി വളർത്തൽ നടത്തി ഉപജീവനം നടത്തുന്നവർക്ക് ഈ സംഭവം മുന്നറിയിപ്പുമായി.

vachakam
vachakam
vachakam

കനിവിൻ ഉറവുകൾ

ഇതുപോലൊരു സംഭവത്തോടു മലയാളി സമൂഹം നടത്തിയ പ്രതികരണം തികച്ചും അഭിമാനകരമാണ്. കുടുംബം പുലർത്താൻ ക്ഷീരകർഷകനായി മാറിയ മാത്യുവിന്റെ കഥ മുമ്പേ മാധ്യമങ്ങളിൽ വന്നിരുന്നു. മാത്യുവിന്റെ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ വാർത്ത പുറത്തുവന്നതോടെ സഹായ വാഗ്ദാനങ്ങളുമായി നിരവധി പേരാണു വീട്ടിലെത്തിത്. വെറും വാഗ്ദാനങ്ങളല്ലായിരുന്നു. പലരും കൈയോടെ ചെക്കു കൈമാറി. നടൻ ജയറാം അഞ്ചു ലക്ഷം രൂപയാണു നൽകിയത്. പൃഥിരാജ് ഒരു രണ്ടു ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും നൽകി. എം.എ. യൂസഫലി പത്തു പശുക്കളെ വാങ്ങാനുള്ള പണം നൽകി. ഇൻഷ്വറൻസോടെ അഞ്ചു പശുക്കളെ നൽകുമെന്നാണ് മന്ത്രി ചിഞ്ചുറാണിയുടെ വാഗ്ദാനം.

നഷ്ടമായതിന്റെ ഇരട്ടി പശുക്കളെ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും ഭീഷണമായ കോവിഡ്കാലത്തും കണ്ടതുപോലെ, സുമനസ്സുകൾ സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവാഹകരായിത്തീരുന്നതാണു കേരളത്തിന്റെ സൗഭാഗ്യം. രാഷ്ട്രീയ പാർട്ടികളും മന്ത്രിമാരും നേതാക്കളുമൊക്കെ സഹായവാഗ്ദാനവുമായി എത്തി. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ആശ്വാസദൂതുമായി മാത്യവിന്റെ വീട്ടിലെത്തിയിരുന്നു. പുറപ്പുഴ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മാത്യുവിനു വെറ്ററിനറി ഡോക്ടറാകാനാണു മോഹം. ഇതിനായി രണ്ടുവർഷത്തെ സൗജന്യ എൻട്രൻസ് പരീക്ഷാ പരിശീലനം നൽകാമെന്നാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വാഗ്ദാനം.

vachakam
vachakam
vachakam

മാത്യു ബെന്നിയുടെ ദുരന്തം നടന്ന തൊഴുത്തിലേക്ക് ആദ്യമെത്തിയത് തൊടുപുഴ എം.എൽ.എൽ: പി.ജെ ജോസഫിന്റെ വീട്ടിലെ കന്നുകാലി ഫാമിൽ നിന്നുള്ള കരീന. ഗീർ എച്ച്.എഫ് ജേഴ്‌സി സങ്കരയിനത്തിൽപ്പെട്ട കരീനയുമായി പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫും കൊച്ചുമകൻ ജോർജ് പി. ജോണുമാണ് വെള്ളിയാമറ്റത്തെത്തിയത്. ജോർജ് പി. ജോൺ കരീനയുടെ കയർ പിടിച്ച് മാത്യു ബെന്നിക്കു കൈമാറി. കണ്ടപാടെ മാത്യു ബെന്നി പറഞ്ഞത് കരീന സുന്ദരി പശുവെന്നാണ്. പേര് മാറ്റാനൊന്നും ഉദ്ദേശ്യമില്ലെന്നും മാത്യു വ്യക്തമാക്കി.

നന്മയും മനുഷ്യത്വവും മറന്നുപോകുന്ന കാലമാണിതെന്നു പറയുമ്പോഴും കേരള മഹിമയ്ക്കു ശോഭയേറ്റുന്ന ചിലർ കരുണയുടെയും സ്‌നേഹത്തിന്റെയും വിളംബരമായിത്തീരുന്നതു സംസ്ഥാനം ഇടയ്ക്കിടെ തിരിച്ചറിയുന്നുണ്ട്. തിന്മയും സ്‌നേഹരാഹിത്യവും ശത്രുതയുമൊക്കെ പരക്കുന്ന കാലത്തും പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന സുവാർത്തകൾക്കു മൂല്യം അധികരിക്കുന്നു.
പുറംലോകമറിഞ്ഞും അറിയാതെയുമാണ് പലരും ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നന്മയുടെ കയ്യൊപ്പിടുന്നത്.

കഷ്ടപ്പാടിന്റെ ഇരുൾക്കയത്തിൽപ്പെട്ടവർക്കു വിളക്കായി മാറുന്നവർ പലരുണ്ട്. വേദനിക്കുന്നവർക്കു മരുന്നും വിശക്കുന്നവർക്കു ഭക്ഷണവും എത്തിക്കുന്നവർ; നാടറിയാതെതന്നെ നാടിനെ ഊട്ടുന്നവർ... ചർച്ചകളിലും വാഴ്ത്തലുകളിലും കഥാപാത്രങ്ങളാകാൻ ഇച്ഛിക്കുന്നില്ല, വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയേണ്ടതില്ലെന്ന ശാഠ്യമുള്ള ആ സ്‌നേഹധനർ.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam