പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. താന്ത്രിക, ഹൈക്കോടതി അനുമതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പുനഃസ്ഥാപനം. നിലവിൽ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലാണ് സ്വർണ പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തുലാമാസ പൂജകൾക്കായിട്ടാണ് ഒക്ടോബർ 17ന് നട തുറക്കുന്നത്.
സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ഇരട്ട അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. അതിനാലാണ് അന്വേഷണം തുടരാനും വിശദമായ അന്വേഷണത്തിനും നിർദേശിക്കുന്നത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
സ്വർണപീഠത്തിൻ്റെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ശബരിമല വിജിലൻസ് കമ്മീഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. സന്നിധാനത്തെ രജിസ്റ്ററുകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.
സ്ട്രോങ് റൂമിലെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം. രേഖകള്‍ പരിശോധിച്ച് സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കെടുക്കണം. എത്ര അളവില്‍ സ്വര്‍ണമുണ്ടെന്നും അതിൻ്റെ മൂല്യവും കണക്കാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്