തൃശൂര്‍: സഹകരണ-നിക്ഷേപത്തട്ടിപ്പ് വ്യാപകമായ തൃശൂരില്‍ 300 കോടിയുടെ തട്ടിപ്പു കൂടി പുറത്ത്. നഗരത്തിനടുത്ത് കൂര്‍ക്കഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മാനവ കെയര്‍ കേരള (എംസികെ) നിധി ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയത്. ഒരു വര്‍ഷത്തിലേറെയായി ചെയര്‍മാന്‍ അടക്കം സ്ഥാപന നടത്തിപ്പുകാരെല്ലാം മുങ്ങിയിരിക്കുകയാണ്. ഹെഡ് ഓഫീസ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും പൂട്ടി.
തൃശൂര്‍ മുപ്ലിയം തേക്കിലക്കാടന്‍ വീട്ടില്‍ ടി.ടി. ജോസാണ് ചെയര്‍മാന്‍. ഭാര്യ ബീന ഉള്‍പ്പെടെ ഒന്‍പതു ഡയറക്ടര്‍മാരുമുണ്ട്. കേരളത്തിലുടനീളം ശാഖകള്‍ തുറന്ന് സ്ഥിരനിക്ഷേപം, സ്വര്‍ണവായ്പ, ചിട്ടി, പ്രതിദിന കളക്ഷന്‍ എന്നിവയിലൂടെയാണ് 300 കോടി തട്ടിയത്. 12 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്തിരുന്നത്. തുടക്കത്തില്‍ കൃത്യമായ പലിശ നല്‍കി വിശ്വാസം നേടി. അതുവഴി കൂടുതല്‍ ഇടപാടുകാരേയും കൂടുതല്‍ നിക്ഷേപവും കണ്ടെത്തി. 2024 മെയ് മുതല്‍ നിക്ഷേപവും പലിശയും മുടങ്ങി.
സ്ഥാപനം വിപുലമാക്കുകയാണെന്നും പുതിയ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തുടങ്ങുകയാണെന്നും പറഞ്ഞ് നിക്ഷേപകരെ വഞ്ചിച്ചു. ഒക്ടോബറോടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചു. ആദ്യഘട്ടത്തില്‍ പരാതിപ്പെട്ടവര്‍ക്ക് നേരേ സ്ഥാപന ഉടമകളുടെ ഭീഷണി വന്നു. പരാതിപ്പെടുകയോ വാര്‍ത്ത നല്‍കുകയോ െചയ്താല്‍ പണമൊന്നും തിരികെ നല്‍കില്ലെന്ന ചെയര്‍മാന്റെ അറിയിപ്പ് ഇടപാടുകാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വന്നു.
500 പേരാണ് വഞ്ചിക്കപ്പെട്ടതെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ 90 ലക്ഷം രൂപ നിക്ഷേപിച്ച കോതമംഗലത്തെ ഡോക്ടറും 50 ലക്ഷം രൂപ നിക്ഷേപിച്ച പാലക്കാട്ടെ ഡോക്ടറും 6.1 ലക്ഷം രൂപ നിക്ഷേപിച്ച മൂവാറ്റുപുഴയിലെ ഫാര്‍മക്കോളജിസ്റ്റും ഉള്‍പ്പെടുന്നു. ഇതിനകം 50-ലേറെ പേര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ ആറ് പേര്‍ കോടതിയെ സമീപിച്ച് ചെയര്‍മാന്റെ കൂര്‍ക്കഞ്ചേരിയിലെ വീടിന് അറ്റാച്ച്മെന്റ് ഉത്തരവ് നേടി.
ചിട്ടി തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പൊലീസ് ഒരു തവണ ചെയര്‍മാനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഉടന്‍ പണം നല്‍കുമെന്ന ഉറപ്പില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇപ്പോള്‍ ചെയര്‍മാനും ഡയറക്ടര്‍മാരും എവിടെയാണെന്നറിയില്ലെന്ന പൊലീസ് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്