നട അടച്ചതിന് ശേഷമുള്ള ശബരിമലയുടെ ദൃശ്യങ്ങള്‍ യുറ്റിയൂബില്‍: കേസെടുത്ത് പൊലീസ്, യുറ്റിയൂബര്‍ ഒളിവില്‍

APRIL 30, 2026, 8:27 PM

പത്തനംതിട്ട: ശബരിമലയില്‍ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച യുറ്റിയൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശബരിമലയുടെ വീഡിയോകള്‍ ചെയ്യാറുള്ള യുറ്റിയൂബര്‍ നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തിനെ തുടര്‍ന്നാണ് പമ്പ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കേസെടുത്ത വിവരം അറിഞ്ഞപ്പോള്‍ വീഡിയോ നീക്കം ചെയ്‌തെങ്കിലും പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. നട അടച്ചിരിക്കുന്ന സമയത്ത് പമ്പ മുതല്‍ സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെവരെയുള്ള കാഴ്ചകള്‍ ചിത്രീകരിച്ചത് എങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. യുറ്റിയൂബ് ചാനലിലൂടെ 'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച' എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24 നാണ് പോസ്റ്റ് ചെയ്തത്.

അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ നട അടച്ച് കഴിഞ്ഞാല്‍, പമ്പയില്‍ നിന്ന് മുകളിലേക്ക് പോകാന്‍ അധികൃതര്‍ക്കല്ലാതെ അനുവാദമില്ലാത്ത പശ്ചാത്തലത്തിലാണ് ഒരു മനുഷ്യര്‍ പോലുമില്ലാത്ത ദൃശ്യങ്ങള്‍ യുറ്റിയൂബില്‍ വന്നത്. പമ്പാഗണപതി ക്ഷേത്രത്തില്‍ നിന്നാണ് ആളില്ലാക്കാഴ്ചകള്‍ ആരംഭിച്ചത്. പൊലീസിന്റെ ചെക്കിങ് പോയിന്റും കടന്ന് നീലിമലയിലെ പരമ്പരാഗത പാതയിലൂടെയാണ് മുകളിലേക്ക് കയറുന്നതായി കാണിച്ചിട്ടുള്ളത്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. ഈ വഴിയിലെല്ലാം ഇയാള്‍ വിവരണങ്ങള്‍ നടത്തുന്നുമുണ്ട്.

പതിനെട്ടാം പടിയുടെ താഴെവരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി. ആളൊഴിഞ്ഞ പതിനെട്ടാംപടിയും അതിനു മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍, പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്നാണ് പമ്പ പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam