ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം

JANUARY 4, 2024, 5:01 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ ഈ ചികിത്സയിലൂടെ സാധിക്കും. ഈ വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഒന്ന് വീതവും അസി പ്രൊഫസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തല മുതല്‍ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത.

മാത്രമല്ല 90 ശതമാനം ചികിത്സകള്‍ക്കും രോഗിയെ പൂര്‍ണമായി മയക്കേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതല്‍ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മിക്കവാറും എല്ലാ അവയവ സംവിധാനങ്ങളെയും വിലയിരുത്തുകയും ചികിത്സിയ്ക്കുകയും ചെയ്യുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി. റേഡിയോ ഡയഗ്നോസിസ് വിഭാഗം രോഗനിര്‍ണയത്തിനുള്ള പരിശോധനയ്ക്കാണെങ്കില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയിലൂടെ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ശസ്ത്രക്രിയയ്ക്ക് നല്ലൊരു ബദല്‍ കൂടിയാണ് ഈ ചികിത്സാ രീതി. വലിയ മുറിവുകളുണ്ടാക്കാതെ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ എക്‌സ്‌റേ കിരണങ്ങള്‍ കടത്തിവിട്ട് രക്ത ഒഴുക്കിന്റെ തടസം കണ്ടെത്താനും ചികിത്സിക്കാനുമാകും. ഇത് വേഗം ഭേദമാകാനും ആശുപത്രി വാസം കുറയ്ക്കാനും സഹായിക്കും.

vachakam
vachakam
vachakam

നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കി വരുന്നു. ഇതിന്റെ ചികിത്സയ്ക്കാവശ്യമായ ഡി.എസ്.എ. മെഷീന്‍ ഈ മെഡിക്കല്‍ കോളേജുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡി.എസ്.എ. മെഷീന്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഈ മെഷീനിലൂടെ ആന്‍ജിയോഗ്രാം നടത്തി രക്തത്തിലെ ബ്ലോക്ക് കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും. ഇതുകൂടാതെ ക്രമാതീതമായി രക്തയോട്ടമുള്ള തലച്ചോറിലെ മുഴകളും ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള ട്യൂമറുകളും ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന എംബൊളൈസേഷനിലൂടെ ശസ്ത്രക്രിയാ സമയത്തുള്ള അമിത രക്തസ്രാവം ഒഴിവാക്കാനും അതിനാല്‍ തന്നെ നല്‍കേണ്ടി വരുന്ന രക്തത്തിന്റെ അളവ് കുറയ്ക്കാനും സാധിക്കും. വൈകല്യങ്ങളോ മരണമോ തന്നെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.

കരള്‍, പിത്തനാളം, രക്തക്കുഴലുകള്‍ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറിന്റെ ചികിത്സയ്ക്കായി കീമോ തെറാപ്പി ഉള്‍പ്പെടെ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അപകടങ്ങളാലുള്ള രക്തസ്രാവം, മലത്തിലെ രക്തം എന്നിവയ്ക്കുള്ള എംബോളൈസേഷന്‍ പ്രൊസീജിയറുകളും നടത്താനാകും. ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുള്ള ഫിസ്റ്റുലയില്‍ ബ്ലോക്ക് ഉണ്ടാകുമ്പോഴും ഈ ചികിത്സയിലൂടെ തടസം നീക്കാന്‍ സാധിക്കുന്നു. കരള്‍, വൃക്ക തുടങ്ങിയ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ചികിത്സിക്കാന്‍ സാധിക്കുന്നു. സ്വതന്ത്രമായ ഡിപ്പാര്‍ട്ട്‌മെന്റ് ആകുന്നതോടെ രോഗികളെ നേരിട്ട് പ്രവേശിപ്പിക്കാനും ചികിത്സ ഏകോപിപ്പിക്കാനും സാധിക്കുന്നു. ഇതുകൂടാതെ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam