തൃശൂർ: പത്ത് വർഷം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചാലക്കുടിക്ക് സമീപമുള്ള പരിയാരം സ്വദേശിയായ മാത്യു അച്ചാടൻ, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിലൂടെ ഹൃദയം എത്തിച്ച് ശസ്ത്രക്രിയ നടത്തിയ വ്യക്തിയെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു.
2015 ജൂലൈ 24-നാണ് മാത്യു അച്ചാടന്റെ ശരീരത്തിൽ കേരളത്തിലെ ആദ്യ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടിയപ്പോൾ, പിന്നീട് ഗുരുതരമായ ഹൃദയരോഗമായ ഡയലേറ്റഡ് കാർഡിയോമയോപ്പതി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഹൃദയം മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായത്.
എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഹൃദയമാണ് മാത്യു അച്ചാടനിലേക്ക് മാറ്റിവെച്ചത്. നാവികസേന ഹെലികോപ്റ്ററിലൂടെ ഹൃദയം എത്തിച്ചായിരുന്നു ശസ്ത്രക്രിയ.
അദ്ദേഹത്തിൽ പതിയ ഹൃദയം സ്പന്ദിച്ച് തുടങ്ങിയത് കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പതിനൊന്ന് വർഷത്തോളം സാധാരണ ജീവിതം നയിച്ച മാത്യു അച്ചാടൻ, ആരോഗ്യരംഗ പുരോഗതിയുടെ ഒരു പ്രതീകമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
