‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’; കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി ഫ്ലക്സ് യുദ്ധം

OCTOBER 18, 2026, 10:47 PM

കോട്ടയം: മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കേസും കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകളും ചർച്ചയാകുന്നതിനിടെ കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’, ‘ഒന്നും മറന്നിട്ടില്ല വിജയാ’ തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിലുള്ളത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡിസിസി ഓഫീസിന് സമീപം, ഗാന്ധി സ്ക്വയർ, പ്രസ് ക്ലബ്ബിന് മുന്നിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

സിഎംആർഎൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടാണ് കോൺഗ്രസിൽ തർക്കത്തിന് വഴിവെച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് ആദ്യം പരസ്യമായി വിമർശനം ഉന്നയിച്ചത്. പിന്നാലെ യുവ നേതാക്കളും മുതിർന്ന നേതാവ് കെ. സുധാകരനും സമാനമായ നിലപാടുമായി രംഗത്തെത്തി.

സരിതയുടെ കൈയിൽനിന്ന് ഒരു കടലാസ് വാങ്ങി ബലാത്സംഗക്കേസ് എടുത്ത് ഉമ്മൻ ചാണ്ടിയെ സിബിഐക്ക് മുന്നിൽ എത്തിച്ചയാളാണ് പിണറായി വിജയനെന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം. പിണറായി വിജയന് യാതൊരു ഇളവും നൽകേണ്ടതില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

സർക്കാരിന്റെ നിലപാടിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎയും ആവശ്യപ്പെട്ടു. മാത്യു കുഴൽനാടനും കെ. സുധാകരനും പറഞ്ഞത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന കാര്യത്തിൽ സംശയമില്ലെന്നും കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിൽ മുൻ സർക്കാർ അദ്ദേഹത്തോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

അതേസമയം, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നുമാണ് തന്റെ നിലപാടെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമനടപടികൾ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടുപോയാൽ മതിയെന്നും അതിന് സർക്കാർ സമയമെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ചില്ലെന്ന വിമർശനവുമായി വി.ആർ. അനൂപും രംഗത്തെത്തി. സർക്കാരിനെ വിമർശിക്കുന്നതിൽ കെപിസിസി മീഡിയ പാനലിസ്റ്റുകൾക്ക് നിയന്ത്രണമുണ്ടെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, ഉമ്മൻ ചാണ്ടിയുടെ കാലത്ത് പാർട്ടിയുടെ മുഖമായി പ്രവർത്തിച്ചവർ ഇത്തരം നിയന്ത്രണങ്ങൾ പാലിച്ചിരുന്നോയെന്നും ചോദിച്ചു. പാർട്ടിക്കകത്തും പുറത്തും നീതി ലഭിക്കാതെ പോയ വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

കോൺഗ്രസിനുള്ളിലെ ഈ അഭിപ്രായഭിന്നതകൾക്കിടെയാണ് കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ബോർഡുകൾ സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam