ഈജിപ്ത് ഗ്രാൻഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ പ്രതിനിധി
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായി കൈറോയിൽ നടന്ന ആഗോള ഫത്‌വാ സമ്മേളനത്തിൽ പങ്കെടുത്ത അബ്ദുല്ല സഖാഫി മലയമ്മ ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. നാസിർ അയ്യദുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ഔഖാഫും ജാമിഅ മർകസും നിലവിലുള്ള അക്കാദമിക സഹകരണം വിപുലപ്പെടുത്താനും സംയുക്ത വൈജ്ഞാനിക പദ്ധതികൾ ആരംഭിക്കാനും സംഗമത്തിൽ ധാരണയായി.
ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് വിവിധ വിഷയങ്ങളിൽ ഓൺലൈൻ സെമിനാറുകളും പരിശീലനങ്ങളും ജാമിഅ മർകസ് ഇപ്പോൾ ആവിഷ്‌കരിച്ചു വരുന്നുണ്ട്. ശൈഖ് അബൂബക്കർ അഹ്മദിന്റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസസാമൂഹ്യ സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ഡോ. നാസിർ അയ്യദ് ജാമിഅ മർകസുമായി ചേർന്ന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും ഇന്ത്യ സന്ദർശിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചു.
നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന മികച്ച നയതന്ത്രബന്ധം വിദ്യാഭ്യാസസാംസ്‌കാരിക കൈമാറ്റങ്ങൾക്കും കരാറുകൾക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സന്ദേശവും ഉപഹാരവും ഗ്രാൻഡ് മുഫ്തിക്ക് കൈമാറി.
പ്രസിഡന്റ് അബ്ദുൽ അസ്സീസിയുടെ മേൽനോട്ടത്തിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തെ മുഫ്തിയുടെ ധർമം' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിന് ശേഷമാണ് ഗ്രാൻഡ് മുഫ്തിയുമായി പ്രത്യേക കൂടിക്കാഴ്ച നടന്നത്. ജാമിഅ മർകസ് കോളേജ് ഓഫ് ഇസ്‌ലാമിക് തിയോളജി മേധാവിയും അറബ് മാധ്യമങ്ങളിലെ കോളമിസ്റ്റുമായ അബ്ദുല്ല സഖാഫി സമ്മേളനത്തിലെ ഒന്നാംദിവസ സെഷനിൽ മോഡറേറ്ററായിരുന്നു.
ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. ഉസാമ അൽ അസ്ഹരി, അൽ അസ്ഹർ യൂണിവേഴ്‌സിറ്റി മീഡിയ ഓഫീസ് ഡയറക്ടർ സഅദുൽ മത്അനി, പ്രമുഖ ഈജിപ്ഷ്യൻ പത്രമായ അല്ലിവാഉൽ ഇസ്‌ലാമി മാനേജിംഗ് ഡയറക്ടർ ഡോ. ഹാസിം അബ്ദു, അൽ അഹ്ബാർ എഡിറ്റർ ളിയാഉ-അബുസ്വഫ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുമായി ഗ്രാൻഡ് മുഫ്തിയുടെ പ്രതിനിധി കൂടിക്കാഴ്ച നടത്തുകയും സന്ദേശം കൈമാറുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
