കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരള പൊലീസ്. മനുഷ്യരുടെ ദുഃഖവും ദുരന്തങ്ങളും അപകടങ്ങളും ചിലർ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ നേടാനുള്ള ഉപാധിയായി ഉപയോഗിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.
അപകടങ്ങൾ, മരണങ്ങൾ, വ്യക്തിപരമായ പ്രതിസന്ധികൾ തുടങ്ങിയ സന്ദർഭങ്ങളിൽ അനാവശ്യമായി ചിത്രീകരണം നടത്തുന്നതും മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടുന്നതും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയാണെന്ന് പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും, അത് എല്ലാവരും മാനിക്കേണ്ടതുണ്ടെന്നും പൊലീസ് ഓർമ്മിപ്പിച്ചു. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ അവ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സമൂഹമാധ്യമങ്ങളുടെ വ്യാപക ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മനുഷ്യരുടെ സ്വകാര്യ നിമിഷങ്ങളെയും ദുരിതങ്ങളെയും വിനോദത്തിനോ പ്രചാരണത്തിനോ ഉപയോഗിക്കാതെ സാമൂഹിക ഉത്തരവാദിത്തത്തോടെയും നിയമബോധത്തോടെയും പെരുമാറണമെന്നും കേരള പൊലീസ് അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
