കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിൽ ഭിന്നത രൂക്ഷമായി. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ആരോപിച്ച് വൈസ് ചെയർപേഴ്സൺ മായ രാഹുൾ ഉൾപ്പെടെ ആറ് യുഡിഎഫ് കൗൺസിലർമാർ പാർട്ടി നേതൃത്വത്തിന് കത്തയച്ചു.
കഴിഞ്ഞ ആറുമാസമായി, പ്രത്യേകിച്ച് സമീപ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വലിയ അപമാനമുണ്ടാക്കിയെന്നാണ് കത്തിൽ ആരോപിക്കുന്നത്. യുഡിഎഫ് ഭരണമാണെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഭരണത്തിൽ യാതൊരു പങ്കുമില്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന രാഷ്ട്രീയ സാഹചര്യവും യു.ഡി.എഫ് എം.എൽ.എയുടെ വിജയസാധ്യതയും പരിഗണിച്ച് മുന്നണിക്കുള്ളിൽ അഭിപ്രായഭിന്നതകൾ പരസ്യമാക്കാതെ നേതാക്കളുടെ നിർദേശപ്രകാരം മുന്നോട്ട് പോയതായും കത്തിൽ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായെന്നും ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴിയെടുത്ത ശേഷവും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ഉൾപ്പെടെയുള്ള വ്യാജപരാതി ചെയർപേഴ്സൺ നൽകിയെന്നാണ് കൗൺസിലർമാരുടെ ആരോപണം. തുടർന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തി വാർത്ത നൽകുകയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിനോടും സ്വതന്ത്ര കൗൺസിലർമാരുടെ കൂട്ടായ്മയോടുമുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ശ്രദ്ധേയമായ ഈ നീക്കം പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
