പാലക്കാട്: വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാണാതായ സംഭവത്തിൽ എട്ട് ദിവസം പിന്നിട്ടിട്ടും നിർണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം തുടരുന്നു. ഷൊർണൂർ പൊലീസ് കർണാടക കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കുടുംബത്തിന്റെ ശർക്കര വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾ മൈസൂർ മേഖലയിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ കർണാടകയിൽ വിവരശേഖരണം നടത്തുകയാണ്.
അതേസമയം, വിദേശത്തായിരുന്ന ബാബു ഭാസ്കറിന്റെ മൂത്തമകൻ വൈശാഖും ഭാര്യയും കഴിഞ്ഞ ദിവസം നാട്ടിലെത്തി. അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ കണ്ടെത്തുന്നതിനായി വൈശാഖും കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ നിർണായക തെളിവായി മാറിയത് കുടുംബം ഉപയോഗിച്ചിരുന്ന പിക്കപ്പ് വാഹനമാണ്. വീട്ടിൽ നിന്ന് പുറപ്പെട്ട ഈ വാഹനം പിന്നീട് വഴിക്കടവ് ചുരം പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബം വലിയ തുക പലിശയ്ക്ക് കടം വാങ്ങിയിരുന്നുവെന്ന സൂചനകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെയാണ് ബന്ധുക്കൾ അയൽവാസികളെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ, വ്യാഴാഴ്ച പുലർച്ചെ കുടുംബത്തിന്റെ പിക്കപ്പ് വാഹനം വീട്ടിൽ നിന്ന് പുറപ്പെടുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പൊലീസ് കണ്ടെത്തി.
കാണാതായ മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് നിലയിലാണ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, അവസാനമായി സിഗ്നൽ ലഭിച്ചത് ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പനയൂർ പ്രദേശത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കുടുംബത്തെ കണ്ടെത്തുന്നതിനായി വിവിധ സാധ്യതകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് ഷൊർണൂർ പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
