തിരുവനന്തപുരം: ലോക്ഭവനിൽ മത്സ്യവും മാംസവും വിളമ്പരുതെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് മറ്റുള്ളവർ തീരുമാനിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
പി.പി. ദിവ്യക്കെതിരായ വിജിലൻസ് കേസിൽ അന്വേഷണാനുമതി നൽകിയതിനെക്കുറിച്ചും ചെന്നിത്തല വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യക്കെതിരായ ആരോപണങ്ങൾ അന്വേഷണം ആവശ്യപ്പെടുന്നവയാണെന്നും അതിനാലാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരട്ടെയെന്നും തീരുമാനത്തിൽ തെറ്റില്ലെന്ന് ഉറച്ച ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടിയെയും മന്ത്രി ന്യായീകരിച്ചു. വിജിലൻസ് അന്വേഷണം രഹസ്യസ്വഭാവമുള്ളതാണെന്നും ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി സെക്ഷൻ നേരത്തേ വിവരാവകാശ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ സർക്കാരാണ് അത് പരിധിയിൽ ഉൾപ്പെടുത്തിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്വേഷണത്തിനും പ്രവർത്തനങ്ങൾക്കും രഹസ്യാത്മകത ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ സ്പാകളിൽ പരിശോധന തുടരുമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
